അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് കണ്ടെത്തിയ പാക് മത്സ്യബന്ധന ബോട്ടുകളിൽ എത്തിയവർക്കായി സൈന്യത്തിന്റെ സംയുക്ത തെരച്ചിൽ തുടരുന്നു. ബിഎസ്എഫിനും വ്യോമ സേനയ്ക്കുമൊപ്പം ഗുജറാത്ത് തീരദേശ പൊലീസും ഓപ്പറേഷന്റെ ഭാഗമാണ്.
ബുധനാഴ്ച അർധരാത്രിയോടെയാണ് 11 ബോട്ടുകൾ ബുജ് തീരത്തെ കടലിടുക്കിൽ കണ്ടെത്തിയത്. ബിഎസ്എഫിന്റെ പതിവ് നിരീക്ഷണത്തിലാണ് ബോട്ടുകൾ കണ്ടെത്തിയത്.
ബോട്ടിലുള്ളവർ കരയിലേക്ക് കടന്നോ തീരമേഖലയിൽ ഒളിച്ചിരിക്കുകയാണോ എന്നാണ് സംശയം. കണ്ടൽ കാടുകൾ നിറഞ്ഞ ചതുപ്പ് മേഖലയായതിനാൽ തെരച്ചിൽ ദുഷ്കരമാണ്. വ്യോമസേനയുടെ മൂന്ന് സംഘങ്ങളെ ഹെലികോപ്റ്ററിലെത്തിച്ച് ഇന്നലെ മൂന്നിടങ്ങളിലായി എയർ ഡ്രോപ് ചെയ്തിരുന്നു.