സംസ്ഥാനത്തെ ഹജ്ജ് യാത്രയ്‌ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഈ വർഷത്തെ ഹജ്ജ് യാത്രയ്‌ക്ക് മെയ് 21 ന് ആരംഭം കുറിക്കും.
7,222 പുരുഷന്മാരും 10,537 സ്ത്രീകളും രണ്ടു വയസ്സിന് താഴെയുള്ള ഒൻപത് കുട്ടികളും ഉള്‍പ്പെടെ 17,768 പേർക്കാണ് ഇത്തവണ ഹജ്ജ് തീർത്ഥാടനത്തിന് അവസരം ലഭിച്ചിരിക്കുന്നത്.
ഇതില്‍ 10,371 പേർ കരിപ്പൂർ എംബാർക്കേഷൻ വഴിയും 3,113 പേർ കണ്ണൂർ വഴിയും 4,239 പേർ നെടുമ്ബാശ്ശേരി വഴിയും യാത്ര ചെയ്യും. ഇവരെ കൂടാതെ മുംബൈ എംബാർക്കേഷൻ പോയിന്റ് വഴി മൂന്ന് പേരും ചെന്നൈ വഴി അഞ്ചുപേരും ബംഗളൂരു വഴി 37 പേരും സംസ്ഥാനത്തുനിന്ന് യാത്ര പുറപ്പെടും.
യാത്രയുടെ അന്തിമ ഷെഡ്യൂള്‍ ഉടൻ തന്നെ ലഭ്യമാകും. അതേ സമയം സംസ്ഥാനത്താകമാനം സുഗമമായി ഹജ്ജ് തീർത്ഥാടനം നടപ്പിലാക്കുന്നതിനായി ന്യൂനപക്ഷ വകുപ്പിന്റെയും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. വരുന്ന ചൊവ്വാഴ്ച പകല്‍ 11 മണിക്ക് കരിപ്പൂരില്‍ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം ചേരുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
ഇത്രയധികം തീർത്ഥാടകർക്ക് ഹജ്ജിന് അവസരം ലഭിക്കുന്നത് ചരിത്രത്തില്‍ ആദ്യമായാണ്. കഴിഞ്ഞ വർഷം11,252 പേർക്ക് ഹജ്ജിന് അവസരം ലഭിച്ചപ്പോള്‍ ഇത്തവണ അത് 17,768 പേരായി മാറി. 6,511 തീർത്ഥാടകരുടെ വർദ്ധനവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്.