കോഴിക്കോട്: ലൈംഗീക അധിക്ഷേപ പരാതിയില്‍ ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹരിത മുന്‍ നേതാക്കള്‍. തങ്ങള്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങളും വെര്‍ബല്‍ റേപ്പുമാണ് നേരിടുന്നതെന്നും അതിന് ലീഗ് നേതൃത്വം മറുപടി പറയണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
നവാസിന്റെ പരമാര്‍ശം ലൈംഗിക അധിക്ഷേപം തന്നെയാണെന്ന് ആവര്‍ത്തിച്ച നേതാക്കള്‍ പാര്‍ട്ടിക്ക് പരാതി നല്‍കാന്‍ വൈകിയിട്ടില്ലെന്നും വ്യക്തമാക്കി. ജൂണ്‍ 24ന് ആണ് പരാമര്‍ശം ഉണ്ടായത്. ജൂണ്‍ 27ന് തന്നെ അഞ്ച് പേജ് വരുന്ന പരാതി നേതൃത്വത്തിന് നല്‍കി. പാര്‍ട്ടിക്ക് പരാതി നല്‍കി 50 ദിവസത്തിന് ശേഷമാണ് വനിതാ കമ്മിഷന് പരാതി നല്‍കിയതെന്നും മുന്‍ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും വ്യക്തമാക്കി.
ഹരിത പ്രവര്‍ത്തകര്‍ക്കും ആത്മാഭിമാനം വലുതാണ്. പരാതി മെയിലിലൂടെയും നേരിട്ടും നേതൃത്വത്തെ അറിയിച്ചു. അടിയന്തരമായി നടപടിയെടുക്കണം എന്ന് അപേക്ഷിച്ചു. ഞങ്ങളെ കേള്‍ക്കണം എന്ന് അഭ്യര്‍ത്ഥിച്ചു. ഞങ്ങളുടെ വേദന കാണാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ല. പരാതി ഉള്‍കൊള്ളാന്‍ അവര്‍ക്കായിട്ടില്ല.
പാര്‍ട്ടിയെ ദുരബലപ്പെടുത്താന്‍ ആഗ്രഹിക്കാത്തത് കൊണ്ടാണ് പരസ്യപ്രതികരണത്തിന് തയ്യാറാവാതിരുന്നത്. പരാതി പാര്‍ട്ടിക്ക് എതിരെയല്ല വ്യക്തികള്‍ക്ക് എതിരെയാണെന്നും നേതാക്കള്‍ പറഞ്ഞു.
ഹരിതയിലെ പെണ്‍കുട്ടികള്‍ സ്വഭാവ ദൂഷ്യമുള്ളവരാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നു. ഹരിതയെ നയിക്കുന്നത് ഒരു സൈബര്‍ ഗുണ്ടയാണെന്ന് പ്രചരിപ്പിച്ചു. അയാളുടെ കയ്യില്‍ നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഉണ്ടെന്നും അത് പുറത്തുവിട്ടാല്‍ നിരവധി പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുമെന്നും നവാസ് പറഞ്ഞതായി മുന്‍ നേതാക്കള്‍ പറഞ്ഞു.
അതിനിടയില്‍, ഹരിത നേതാക്കളെ പിന്തുണച്ചതിന് എംഎസ്‌എഫ് വൈസ് പ്രസിഡന്റ് ഷൈജലിനെ സ്ഥാനത്ത് നിന്നും നീക്കി. അച്ചടക്ക ലംഘനം നടത്തിയെന്ന പേരിലാണ് നടപടി. ഹരിത നേതാക്കളുടെ പരാതി കൈകാര്യം ചെയ്ത് വഷളാക്കിയത് പിഎംഎ സലാമാണെന്ന് കാണിച്ചു നേതൃത്വത്തിന് കത്ത് നല്‍കിയവരില്‍ ഒരാളായിരുന്നു ഷൈജല്‍.