‘കുറുപ്പിന്റെ പ്രദര്‍ശനം തടയണം’; ഹര്‍ജിയില്‍ നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസ് അയച്ച്‌ ഹൈക്കോടതി

November 12, 2021
272
Views

കൊച്ചി : ദുല്‍ഖര്‍ നായകനായെത്തുന്ന ‘കുറുപ്പ്’ സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് നോട്ടീസ് അയച്ച്‌ ഹൈക്കോടതി. കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറിപ്പിന്റെ ജീവിതം പ്രമേയമാക്കിയുളള ചിത്രം തടയണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജിയിലാണ് നടപടി. സിനിമ ഇന്ന് തീയേറ്ററുകളില്‍ എത്താനിരിക്കെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

സെബിന്‍ തോമസ് എന്ന വ്യക്തിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കുറ്റവാളിയായ സുകുമാരക്കുറിപ്പിന്റെ സ്വകാര്യത ലംഘിക്കപ്പെടുമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. നിര്‍മ്മാതാക്കള്‍ കൂടാതെ ഇന്റര്‍പോള്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവര്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

പിടികിട്ടാപ്പുള്ളി സുകുമാരക്കുറിപ്പിന്റെ കഥ പറയുന്ന ചിത്രമാണ് ദുല്‍ഖര്‍ നായകനായെത്തുന്ന കുറുപ്പ്. ശ്രീനാഥ് രാജേന്ദ്രനാണ് സംവിധാനം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രത്തിന്റെ റിലീസ്. ചിത്രത്തിന്റെ ട്രെയിലര്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തുടര്‍ന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ രംഗത്തെത്തിയതോടെയാണ് ആരാധകര്‍ ചിത്രം ഏറ്റെടുത്തത്.

ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസും എം. സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. 35 കോടിയാണ് ചിത്രത്തിന്റെ മുടക്കുമുതല്‍. ജിതിന്‍ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ചെയ്തിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ.എസ്. അരവിന്ദും ചേര്‍ന്നാണ്. കേരളം, അഹമ്മദാബാദ്, മുംബൈ, ദുബായ്, മംഗളുരു, മൈസൂര്‍ എന്നിവിടങ്ങളിലായി ആറു മാസമെടുത്താണ് കുറുപ്പ് ചിത്രീകരിച്ചത്.

Article Categories:
Entertainments · Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *