കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍ തുടരുന്ന ഹിമാചല്‍ പ്രദേശില്‍ 71 പേരും ഉത്തരാഖണ്ഡില്‍ 50ലധികം ആളുകളും മരിച്ചു.
ന്യൂഡല്‍ഹി: കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍ തുടരുന്ന ഹിമാചല്‍ പ്രദേശില്‍ 71 പേരും ഉത്തരാഖണ്ഡില്‍ 50ലധികം ആളുകളും മരിച്ചു.
നിരവധി പേര്‍ അവിശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രണ്ടു ദിവസം കൂടി മഴ തുടരുമെന്നാണ് പ്രവചനം.
ഹിമാചലില്‍ 10,000 കോടി രൂപയുടെ നാശമുണ്ടായെന്നും ജൂലായ് മുതല്‍ തുടരുന്ന കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന റോഡുകള്‍ അടക്കം അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മിക്കാൻ ഒരു വര്‍ഷമെടുക്കുമെന്നും മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിംഗ് സുഖു പറഞ്ഞു.
വെല്ലുവിളിയായെടുത്ത് യുദ്ധകാലാടിസ്ഥാനത്തില്‍ അത് പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഇന്നലെയും ദുരന്ത മേഖലകളില്‍ വ്യോമനിരീക്ഷണം നടത്തി.
കാൻഗ്ര ജില്ലയിലെ താഴ്ന്ന ഗ്രാമങ്ങളില്‍ നിന്ന് 1,100 പേരെ ഹെലികോപ്ടറുകളും മോട്ടോര്‍ ബോട്ടുകളും ഉപയോഗിച്ച് ഒഴിപ്പിച്ചു. അന്യസംസ്ഥാന തൊഴിലാളികളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി. ഹിമാചലിലും, ഉത്തരാഖണ്ഡിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു. നിരവധി റോഡുകളും ഹൈവേകളും തകര്‍ന്നു.
ഷിംലയിലെ സമ്മര്‍ ഹില്ലില്‍ ഇന്നലെ രാവിലെ വീണ്ടും മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്‌തു. തിങ്കളാഴ്‌ച മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് നിന്ന്
13 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഫാഗ്ലിയില്‍ നിന്ന് അഞ്ചും കൃഷ്ണ നഗറില്‍ നിന്ന് രണ്ട് മൃതദേഹങ്ങളും കണ്ടെടുത്തു. സിംലയില്‍ തിങ്കളാഴ്ച തകര്‍ന്ന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ രണ്ടു പേര്‍ കുടുങ്ങിയതായി സംശയിക്കുന്നു. ക്ഷേത്രത്തിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ ഏഴ് അംഗങ്ങളില്‍ അഞ്ചുപേരുടെ മൃതദേഹങ്ങള്‍ ലഭിച്ചു.
സോളൻ ജില്ലയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് 800ലധികം ആളുകളെ രക്ഷപ്പെടുത്തി.
ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് ടീമുകളെ ഷിംലയിലും കാൻഗ്രയിലും വിന്യസിച്ചു. വ്യോമസേന, കരസേന, ഇന്തോ-ടിബറ്റൻ ബോര്‍ഡര്‍ പൊലീസ് എന്നിവയും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്.
സംസ്ഥാനത്ത് മണ്ണിടിച്ചിലിനെത്തുടര്‍ന്ന് 800 റോഡുകളെങ്കിലും തകര്‍ന്നുവെന്നാണ് കണക്ക്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ വീടു തകര്‍ന്ന് ഒരാള്‍ മരിച്ചു. മൂന്നുപേരെ രക്ഷപ്പെടുത്തി.