ആചാരപരമായ ചടങ്ങുകള്‍ നടത്താതെയുള്ള ഹൈന്ദവ വിവാഹങ്ങള്‍ക്ക് നിയമസാധുതയില്ല- സുപ്രീം കോടതി

May 3, 2024
46
Views

ന്യൂഡല്‍ഹി: ശരിയായവിധത്തിലുള്ള ചടങ്ങുകളില്ലാതെ നടത്തുന്ന ഹൈന്ദവ വിവാഹങ്ങള്‍ക്ക് സാധുതയില്ലെന്ന് സുപ്രീംകോടതി.

ഹൈന്ദവ വിവാഹങ്ങള്‍ സംഗീതവും നൃത്തവും ഭക്ഷണവുമടങ്ങിയ പരിപാടിയല്ല. വാണിജ്യപരമായ ഇടപാടുമല്ല. ചടങ്ങുകളുടെ അഭാവത്തില്‍ നടക്കുന്ന വിവാഹങ്ങള്‍ ഹിന്ദു മാര്യേജ് ആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ ബി.വി നാഗരത്ന, അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് പരാമർശം നടത്തിയത്. ഹൈന്ദവ വിവാഹങ്ങള്‍ ഒരു സംസ്കാരത്തിൻറെ ഭാഗമാണെന്നും വിശുദ്ധ കർമമാണെന്നും ഇന്ത്യൻ സമൂഹത്തില്‍ വലിയ മൂല്യമുള്ള ഒരു സ്ഥാപനമെന്ന നിലയില്‍ അതിന്റെ പദവി നല്‍കേണ്ടതുണ്ടെന്നും ബെഞ്ച് നീരീക്ഷിച്ചു.

‘വിവാഹങ്ങള്‍ ആടാനും പാടാനും മാത്രള്ളതോ സ്ത്രീധനം ആവശ്യപ്പെടാനും കൈമാറാനുമുള്ളതോ പിന്നീട് ക്രമിനല്‍ നടപടികളുടെ ഭാഗമായ സമ്മർദ്ദങ്ങളിലേക്ക് നയിക്കാനുള്ളതോ ആയ ഒന്നല്ല. വിവാഹം വാണിജ്യപരമായ ഒരു ഇടപാടല്ല. അത് മഹത്തായ ഒന്നാണ്. ഒരു സ്ത്രീയും പുരുഷനും ഭർത്താവും ഭാര്യയുമായി മാറി ഇന്ത്യൻ സമൂഹത്തിന്റെ അടിസ്ഥാനഘടകമായ കുടുംബമായി ഭാവിയില്‍ പരിണമിക്കുന്ന പ്രക്രിയയാണ്, ബെഞ്ച് പറഞ്ഞു.

പൈലറ്റുമാരായ ദമ്ബതിമാരുടെ വിവാഹമോചന ഹർജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമർശം. സാധുവായ ഹൈന്ദവ വിവാഹ ചടങ്ങുകള്‍ നടത്താതെ വിവാഹം കഴിച്ച ഇവർ പിന്നീട് വിവാഹമോചനത്തിന് ഹർജി നല്‍കുകയായിരുന്നു. വിവാഹജീവിതത്തിലേക്ക് കടക്കുന്നതിനു മുൻപ് വിവാഹം എന്ന സാമൂഹ്യസ്ഥാപനത്തേക്കുറിച്ചും ഇന്ത്യൻ സമൂഹത്തില്‍ അത് എത്രത്തോളം പവിത്രമായ ഒന്നാണെന്ന കാര്യത്തേക്കുറിച്ചും ആഴത്തില്‍ ചിന്തിക്കണമെന്നും കോടതി പറഞ്ഞു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *