കനത്ത ചൂടില്‍ സംസ്ഥാനം വെന്തുരുകുന്നു.
തിരുവനന്തപുരം: കനത്ത ചൂടില്‍ സംസ്ഥാനം വെന്തുരുകുന്നു. രണ്ടു ദിവസത്തെ വേനല്‍ മഴയ്ക്കു പിന്നാലെ ഇന്നലെ കനത്ത ചൂടാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.
ഇന്നലെ തൃശൂർ വെള്ളാനിക്കരയില്‍ സീസണിലെ റെക്കോർഡ് ചൂട് രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക കണക്ക് പ്രകാരം വെള്ളാനിക്കരയില്‍ 39.9 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. ഈ വർഷം സംസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ചൂടാണിത്.
പാലക്കാട് രേഖപ്പെടുത്തിയ 39.7 ഡിഗ്രി സെല്‍ഷ്യസിന്റെ റെക്കോർഡാണ് തകർത്തത്. പുനലൂർ (39), പാലക്കാട് (39), കണ്ണൂർ എയർപോർട്ട് (37.2), കോഴിക്കോട് സിറ്റി (37) എന്നിവിടങ്ങളിലും ഇന്നലെ ഉയർന്ന താപനില രേഖപ്പെടുത്തി. കനത്ത ചൂടിനെത്തുടർന്ന് സംസ്ഥാനത്ത് ഇന്നു മുതല്‍ 29 വരെ 11 ജില്ലകളില്‍ യെലോ അലർട്ട് പ്രഖ്യാപിച്ചു.
കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ആഴ്ച സംസ്ഥാനത്ത് മഴയ്ക്കുള്ള സാധ്യത കുറവാണ്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ നിന്നു മീൻപിടിത്തത്തിനു തടസ്സമില്ല.