പാലക്കാട്: ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് വീട് പൂട്ടി പോയ ഭര്‍ത്താവ് അറസ്റ്റില്‍. പാലക്കാട് ധോണി സ്വദേശി മനു കൃഷ്ണനാണ് കോയമ്പത്തൂരിലെ ബന്ധുവീട്ടില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ അറസ്റ്റിലായത്. ഹേമാംബിക നഗര്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട സ്വദേശിനിയായ ശ്രുതിയാണ് മനു കൃഷ്ണന്റെ ഭാര്യ. ശ്രുതി പ്രസവത്തിന് പോയ ശേഷം മടങ്ങി വന്നപ്പോള്‍ ഇയാള്‍ വീട്ടില്‍ കയറ്റിയിരുന്നില്ല. കാരണം പോലും വ്യക്തമാക്കാതെയുള്ള ഭര്‍ത്താവിന്റെ നടപടിയെ തുടര്‍ന്ന് ശ്രുതിയും കുഞ്ഞും വീടിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ കോടതിയെ സമീപിക്കുകയും ചെയ്തു.
ശ്രുതിക്ക് നല്ലൊരു വീട് വാടകയ്ക്ക് എടുത്ത് നല്‍കണമെന്നും അവിടെ നിന്ന് കേസ് നടത്തട്ടേയെന്നും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് മനു അനുസരിച്ചില്ല. മനു താമസിക്കുന്ന വീടിനടുത്താണ് ശ്രുതിയും കുട്ടിയും താമസിക്കുന്നത്. ഇയാളെ ഇന്നലെ മുതല്‍ കാണാതായതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചതും അറസ്റ്റിലായതും.
വീടുപൂട്ടി കുടുംബം കടന്നതിനെത്തുടര്‍ന്ന് അഞ്ചു ദിവസമാണ് ഇരുവരും വരാന്തയില്‍ കഴിഞ്ഞത്. പിന്നാലെ കോടതി ഇടപെട്ട് യുവതിക്കും കുഞ്ഞിനും സംരക്ഷണം ഒരുക്കണമെന്ന് ഉത്തരവിട്ടിരുന്നു. ഇത് പാലിക്കാതെ വന്നതോടെയാണ് മനുവിനെ പൊലീസ് പിടികൂടിയത്. ഗാർഹിക പീഡനം, കുട്ടികളുടെ അവകാശലംഘനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.
മനു കൃഷ്ണനും പത്തനംതിട്ട സ്വദേശി ശ്രുതിയും (24) ഒരു വർഷം മുൻപാണ് വിവാഹിതരായത്. ജൂലൈ ഒന്നിനാണു പത്തനംതിട്ടയിൽനിന്ന് ഇവർ ഭർത്താവിന്റെ വീട്ടിലെത്തിയത്. ഭാര്യയും കുഞ്ഞും എത്തുന്ന വിവരം അറിഞ്ഞതോടെ ഭർത്താവു വീടു പൂട്ടി പോയെന്നാണു പരാതി. ഒൻപതാം തീയതി വരെ സമീപത്തെ വീടുകളിൽ കഴിഞ്ഞ ശ്രുതി പിന്നീട് കുഞ്ഞുമൊത്തു വീടിന്റെ സിറ്റൗട്ടിൽ താമസമാക്കുകയായിരുന്നു.