ഇഡിയോട് സമയം നീട്ടിച്ചോദിച്ചു; രണ്ട് ദിവസത്തെ സമയം നൽകിയെന്ന് സ്വപ്ന സുരേഷ്

February 15, 2022
68
Views

മാധ്യമങ്ങളോടുള്ള വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിച്ച സ്വപ്ന സുരേഷിന് രണ്ട് ദിവസം കൂടി നീട്ടി നൽകി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. സ്വപ്ന സുരേഷ് തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ചോദ്യം ചെയ്യലിനായി ഇന്ന് ഇഡി ഓഫീസിലെത്തിയ സ്വപ്ന സമയം നീട്ടിച്ചോദിക്കുകയായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ രണ്ട് ദിവസത്തെ സമയം നൽകിയെന്ന് സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. അടുത്ത തീയതി ഏതാണെന്ന് അറിയിക്കാമെന്നും അവർ വ്യക്തമാക്കി.മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി നിർബന്ധിച്ചുവെന്ന ശബ്ദരേഖയ്ക്ക് പിന്നിൽ എം ശിവശങ്കർ നടത്തിയ ഗൂഢാലോചനയാണെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിച്ചത്. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തുടർ അന്വേഷണം നടത്തുന്ന കാര്യവും ഇഡി പരിശോധിക്കുന്നുണ്ട്. ആദ്യ ഘട്ടത്തിൽ സ്വപ്നയുടെ മൊഴിയെടുത്ത് കോടതിയിൽ നൽകാനാണ് ഇഡി നീക്കം.

സ്വപ്ന സുരേഷിനു സ്‌പേസ് പാർക്കിൽ ജൂനിയർ കൺസൾട്ടന്റായി നിയമിച്ച് നൽകിയ ശമ്പളം തിരികെ പിടിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. സ്വപ്‌നയ്ക്ക് നൽകിയ ശമ്പളം മടക്കി നൽണമെന്നാവശ്യപ്പെട്ട് സർക്കാർ പ്രൈസ് വാട്ടർ കൂപ്പേഴ്‌സിനു (പിഡബ്ല്യുസി) കത്തെഴുതി. പിഡബ്ലുസിയാണ് നിയമനത്തിനായി സ്വപ്നയെ തെരഞ്ഞെടുത്തതെന്ന് കെഎസ്‌ഐടിഐഎൽ (കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്) അധികൃതർ അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു. തുക തിരിച്ചു നൽകിയില്ലെങ്കിൽ കൺസൾട്ടൻസി ഫീസായി പിഡബ്ല്യുസിക്കു നൽകാനുള്ള ഒരു കോടിരൂപ നൽകേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം.നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോർട്ടുണ്ടായിരുന്നു. ഈ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് സർക്കാർ പിഡബ്ല്യുസിക്ക് ഇങ്ങനെയൊരു കത്തെഴിതിയിരിക്കുന്നത്.

സ്‌പേസ് പാർക്കിൽ സ്വപ്നയുടെ ശമ്പളമായി 19,06,730 രൂപയാണ് പിഡബ്ല്യുസിക്ക് അനുവദിച്ചത്. ഇതിൽ ജിഎസ്ടി ഒഴിവാക്കിയ തുകയായ 16,15,873 രൂപ പിഡബ്ല്യുസിയിൽനിന്ന് ഈടാക്കാൻ കെഎസ്‌ഐടിഐഎൽ എംഡി അടിയന്തരമായി നടപടി കൈക്കൊള്ളണമെന്ന് ധനകാര്യപരിശോധനാ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. പിഡബ്ല്യുസിയിൽനിന്ന് തുക ഈടാക്കാൻ കഴിയാതെ വന്നാൽ അന്നത്തെ ഐടി സെക്രട്ടറിയും കെഎസ്‌ഐടിഐഎൽ ചെയർമാനുമായിരുന്ന ശിവശങ്കർ ഐഎഎസ്, അന്നത്തെ എംഡി സി.ജയശങ്കർ പ്രസാദ്, സ്‌പെഷൽ ഓഫിസറായിരുന്ന സന്തോഷ് കുറുപ്പ് എന്നിവരിൽനിന്ന് തുല്യമായി തുക ഈടാക്കണമെന്നും ശുപാർശ ചെയ്തു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *