കിറ്റ് കാറ്റ് കവറില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രം; സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം

January 24, 2022
127
Views

ദില്ലി: ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ കിറ്റ്കാറ്റ് കവറുകള്‍ പിന്‍വലിച്ച് നെസ്ലെ. ട്വിറ്റര്‍ അടക്കം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ശക്തമായ വിമര്‍ശനം നേരിട്ടതോടെയാണ് അന്താരാഷ്ട്ര ചോക്ലേറ്റ് നിര്‍മ്മാതാക്കളായ നെസ്ലെ കിറ്റ് കാറ്റ് പിന്‍വലിച്ചത് എന്നാണ് പിടിഐ റിപ്പോര്‍ട്ട് പറയുന്നത്. ഭഗവാന്‍ ജഗന്നാഥന്‍, ബലഭദ്ര, ദേവി സുഭദ്ര എന്നീ ദൈവങ്ങളുടെ ചിത്രങ്ങളാണ് നെസ്ലേ കിറ്റ് കാറ്റിന്റെ കവറില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലാണ് നെസ്ലെയുടെ പുതിയ ചോക്ലേറ്റ് കവറുകള്‍ എന്നാണ് വിമര്‍ശനം ഉയര്‍ന്നത്. ചോക്ലേറ്റ് ഉപയോഗിച്ചു കഴിഞ്ഞാല്‍ ദൈവങ്ങളുടെ ചിത്രങ്ങള്‍ അടങ്ങിയ കവറുകള്‍ ചവറ്റു കൊട്ടയില്‍ ഇടും. ഇതിന് പുറമേ റോഡില്‍ ഉപേക്ഷിക്കപ്പെടുന്ന കവറുകളില്‍ ആളുകള്‍ ചവിട്ടി നടക്കും. ഇതെല്ലാം തന്നെ ഹിന്ദുക്കളുടെ മതവികാരത്തെ ഹനിക്കുമെന്നാണ് ഒരു വിഭാഗം ട്വിറ്ററിലും മറ്റും പോസ്റ്റ് ചെയ്തത്.

അതേ സമയം ലിമിറ്റഡ് എഡിഷന്‍ പ്രത്യേക ബാച്ചയാണ് നെസ്ലെ തങ്ങളുടെ കിറ്റ്കാറ്റിന്റെ പതിപ്പ് ഇറക്കിയത്. പ്രദേശിക കലാകാരന്മാരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഇത്. ഇതിന്റെ ഇന്ത്യന്‍ പതിപ്പിലാണ് ഹിന്ദു ദൈവങ്ങളുടെ ചിത്രം ഉള്‍പ്പെട്ടത്. ഒഡീഷയുടെ പ്രദേശിക ചിത്രകലാ രീതിയായ ‘പാട്ടചിത്ര’ ഉള്‍പ്പെടുത്തിയാണ് നെസ്ലെ കവര്‍ പുറത്തിറക്കിയത്. പുരി ക്ഷേത്രത്തിലെ പ്രതിഷ്ഠകളെ അധികരിച്ച പുരാണകഥകളാണ് ഈ ചിത്രങ്ങളുടെ അടിസ്ഥാനം.

എന്നാല്‍ ഇത്തരം ഒരു ചിത്രം ഉള്‍പ്പെടുത്തിയതില്‍ വികാരങ്ങള്‍ വ്രണപ്പെടുമെന്ന് ആലോചിച്ചില്ലെന്നും തെറ്റ് പറ്റിയതിനാല്‍ ഇത് പിന്‍വലിക്കുകയാണെന്നും നെസ്ലെ വക്താവ് പിടിഐയോട് പ്രതികരിച്ചു. പ്രദേശിക കലകളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് തങ്ങള്‍ ഉദ്ദേശിച്ചത് എന്നും നെസ്ലെ വക്താവ് കൂട്ടിച്ചേര്‍ത്തു. പലപ്പോഴും ഇത്തരം ഘട്ടങ്ങളില്‍ വ്യത്യസ്തമായ കവറുകള്‍ ആരും വലിച്ചെറിയില്ലെന്നും, അത് മിക്കവാറും ശേഖരിക്കാറാണ് പതിവെന്നും നെസ്ലെ കൂട്ടിച്ചേര്‍ക്കുന്നു.

Article Categories:
India

Leave a Reply

Your email address will not be published. Required fields are marked *