കോഴിക്കോട് വെള്ളിമാടുകുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികള്‍ രക്ഷപെട്ട സംഭവത്തില്‍ ബാലമന്ദിരത്തില്‍ മാറ്റം വേണമെന്ന് പൊലീസ്. ബാലമന്ദിരത്തില്‍ നിലവിലെ സാഹചര്യത്തില്‍ നിന്ന് സമ്പൂര്‍ണമായ മാറ്റം ആവശ്യമാണ്. മന്ദിരത്തില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കണം. മെന്‍ഡറെയും നിയോഗിക്കണം.
കുട്ടികളെ വിനോദയാത്ര കൊണ്ടുപോകുന്നത് ഉള്‍പ്പെടെ പരിഗണിക്കണം. കാതലായ മാറ്റങ്ങള്‍ വരുത്താനുള്ള നിര്‍ദേശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉന്നമനം ലക്ഷ്യമിട്ട് നിര്‍ദേശങ്ങള്‍ നടപ്പിലാക്കും. റിപ്പോര്‍ട്ട് പഠിച്ച ശേഷം കളക്ടര്‍ക്കും സര്‍ക്കാരിനും കൈമാറുമെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് കോഴിക്കോട് വെള്ളിമാടുകുന്നുള്ള ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികള്‍ രക്ഷപെട്ടത്. സഹോദരിമാര്‍ ഉള്‍പ്പെടെ ആറുപേരാണ് കൂട്ടത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാളെ തൊട്ടടുത്ത ദിവസം തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. ബംഗളൂരുവിലെ മടിവാളയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കണ്ടെത്തിയ മറ്റ് അഞ്ച് പേര്‍ ഓടിരക്ഷപെട്ടിരുന്നു. കുട്ടികള്‍ ട്രെയിന്‍ മാര്‍ഗം ബംഗളൂരുവില്‍ എത്തുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.
തുടര്‍ന്ന് മടിവാളയില്‍ എത്തിയ കുട്ടികള്‍ മലയാളികള്‍ നടത്തുന്ന ഒരു ഹോട്ടലില്‍ മുറിയെടുക്കാന്‍ ശ്രമിച്ചു. സംശയം തോന്നിയ ജീവനക്കാര്‍ കുട്ടികളോട് തിരിച്ചറിയല്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ ആവശ്യപ്പെട്ടു. രേഖകളില്ലാത്തതിനെ തുടര്‍ന്ന് രക്ഷപെടാന്‍ ശ്രമിച്ചതോടെ ഹോട്ടല്‍ ജീവനക്കാര്‍ തടയുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. ഇവരില്‍ ഒരാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചെങ്കിലും മറ്റ് അഞ്ച് കുട്ടികളും ഓടിരക്ഷപെടുകയായിരുന്നു. പിന്നീട് ഇവരേയും കണ്ടെത്തി.തിരിച്ചെത്തിയ കുട്ടികളെ സഹായിച്ച യുവാക്കളെ സംഭവത്തില്‍ പൊലീസ് അറസ്റ്റുചെയ്തിരുന്നു.