മുട്ടില്‍ മരം മുറി ഉന്നയിച്ച് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. കേരള ചരിത്രത്തിലെ ഏറ്റവും വലിയ വനംകൊള്ളയാണ് നടന്നതെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം തൃപ്തികരമാണെന്നായിരുന്നു മന്ത്രി എ.കെ ശശീന്ദ്രന്റെ പ്രതികരണം. ജുഡീഷ്യല്‍ അന്വേഷണമെന്ന ആവശ്യം തള്ളിയതോടെ പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിച്ചു.
ചോദ്യോത്തരവേളയില്‍ ആദ്യ ചോദ്യം തന്നെ മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ടായിരുന്നു. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടുമെന്നും സമഗ്രമായ അന്വഷണം പുരോഗമിക്കുകയാണെന്നുമായിരുന്നു മന്ത്രി എ.കെ ശശീന്ദ്രന്‍റെ മറുപടി. എന്നാല്‍, ജുഡീഷ്യല്‍ അന്വഷണത്തെ കുറിച്ച് ഇപ്പോള്‍ ആലോചനയില്ലെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിലെ പട്ടയഭൂമിയിലെ മരംമുറി സംബന്ധിച്ച് ഏകീകൃത നയം രൂപീകരിക്കാന്‍ ആലോചിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. മുട്ടിലില്‍ മാത്രം 14 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണ് കണക്കാക്കുന്നതെന്നും മന്ത്രി പറഞ്ഞു. മുറിച്ച മറ്റ് മരങ്ങള്‍ കൂടി കണ്ടെത്തിയാല്‍ മാത്രമേ കൃത്യമായ കണക്കുകള്‍ പറയാന്‍ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം വകുപ്പുകള്‍ തമ്മില്‍ തര്‍ക്കമുണ്ടെന്ന തരത്തില്‍ നടക്കുന്ന പ്രചാരണങ്ങളെ ശശീന്ദ്രന്‍ പാടേ തള്ളിക്കളഞ്ഞു. സര്‍ക്കാരിന് ഇക്കാര്യത്തില്‍ വ്യക്തമായ ധാരണയുണ്ടെന്നും മരം മുറി നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ മന്ത്രിമാര്‍ക്ക് മടിയില്ലെന്നും അദ്ദേഹം സഭയില്‍ വ്യക്തമാക്കിയിരുന്നു.