മാധ്യമങ്ങള്‍ക്ക് എതിരെ വിമര്‍ശനവുമായി മുതിര്‍ന്ന സി പി ഐ എം നേതാവ് പി ജയരാജന്‍. മാധ്യമങ്ങള്‍ക്ക് ഒളിഞ്ഞുനോട്ട മനോഭാവമാണെന്നാണ് ജയരാജന്റെ വിമര്‍ശനം. കണ്ണൂരിലെ പാമ്പന്‍മാധവന്‍ അനുസ്മര ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജയരാജന്‍. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്തുകിട്ടും എന്നതല്ല, നിലപാടാണ് പ്രധാനം. ഉള്‍പാര്‍ട്ടി ജനാധിപത്യമുള്ള പാര്‍ട്ടിയാണ് സിപിഎം. വിമര്‍ശനവും സ്വയം വിമര്‍ശനവും ഉള്ള ഏക പാര്‍ട്ടിയും ഇതാണ്. ഇതുപോലൊരു പ്രക്രിയ കോണ്‍ഗ്രസിനുണ്ടോയെന്നും അവിടെ നേതാക്കള്‍ സ്വന്തം ലാഭത്തിന് വേണ്ടി ഗ്രൂപ്പുകള്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും ജയരാജന്‍ വിമര്‍ശിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റില്‍ പി ജയരാജനെ ഉള്‍പ്പെടുത്താത്തതില്‍ ജയരാജന്‍ അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ അമര്‍ഷം രേഖപ്പെടുത്തുന്ന പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇടംപിടിക്കാതെ പോയ പി. ജയരാജനെ അനുകൂലിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ശക്തമാകുകയാണ്. 42,000 പേര്‍ അംഗങ്ങളായുള്ള റെഡ് ആര്‍മി ഒഫീഷ്യല്‍സ് എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് ജയരാജന്‍ അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.‘പി.ജയരാജന്‍ ഇത്തവണ സെക്രട്ടേറിയറ്റില്‍ ഇല്ല, പക്ഷേ ജനങ്ങളോടൊപ്പം ഉണ്ട്, സ്ഥാനമാനങ്ങളില്‍ അല്ല, ജനഹൃദയങ്ങളിലാണ് സ്ഥാനം’ എന്നാണ് റെഡ് ആര്‍മി ഒഫീഷ്യല്‍സ് എന്ന പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ പറയുന്നത്. കണ്ണൂരിന്‍ താരകമല്ലോ എന്ന ജയരാജന്‍ അനുകൂല വാഴ്ത്തുപ്പാട്ടും പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പി ജെ ആര്‍മിയെന്ന പേജ് പിന്നീട് പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്ന് പേര് മാറ്റുകയായിരുന്നു. പി ജയരാജനെ പിന്തുണയ്ക്കുന്ന ഇതര പ്രൊഫൈലുകളിലും പിന്തുണ കുറിപ്പുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പദവിയിലിരിക്കെയാണ് സിപിഐഎം വടകര ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി ജയരാജനെ ഇടത് സ്ഥാനാര്‍ഥിയാക്കിയത്. എന്നാല്‍ അന്ന് കെ. മുരളീധരനോട് പരാജയപ്പെട്ടു. കേരളത്തിലെ മറ്റ് ജില്ലാ സെക്രട്ടറിമാര്‍ മത്സരിച്ച് പരാജയപ്പെട്ടപ്പോഴും തിരിച്ച് ജില്ലാ സെക്രട്ടറി പദത്തിലെത്തിയിരുന്നു. എന്നാല്‍ പി.ജയരാജനെ പാര്‍ട്ടി തഴയുകയായിരുന്നു.
89 അംഗ സംസ്ഥാന സമിതിയെയാണ് സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തത്. പ്രായപരിധി കണക്കിലെടുത്ത് സിപിഐഎം സംസ്ഥാന സമിതിയില്‍നിന്ന് 13 പേരെ ഒഴിവാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെ 75 വയസ് പിന്നിട്ടവരെയാണ് ഒഴിവാക്കിയത്. മുഖ്യമന്ത്രി എന്ന നിലയ്ക്ക് പിണറായി വിജയന് പ്രത്യേക ഇളവ് നല്‍കുകയായിരുന്നു. 89 അംഗ സംസ്ഥാന സമിതിയേയും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു.