ശ്രീനഗർ: ജമ്മുകശ്മീരിൽ കനത്ത മഴയും മഞ്ഞുവീഴ്ചയും. വെള്ളിയാഴ്ച രാത്രി മുതലാണ് കശ്മീരിൽ മഴ തുടങ്ങിയത്. ഉയർന്ന മേഖലകളിൽ മഞ്ഞുവീഴ്ചയുമുണ്ട്. വരും ദിവസങ്ങളിലും കശ്മീരിൽ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
മധ്യ-തെക്കൻ കശ്മീരിലാണ് ഇടത്തരം മഴയാണ് ലഭിച്ചത്. ശ്രീനഗറിലും മറ്റ് പ്രദേശങ്ങളിലും കനത്ത മഴയും ലഭിച്ചു. ഗുൽമാർഗ്, സോനാമാർഗ്, പഹൽഗാം, ഷോപിയാൻ തുടങ്ങിയ സ്ഥലങ്ങളിൽ മഞ്ഞുവീഴ്ചയുണ്ടായി. ഷോപിയാനിൽ സീസണിലെ ആദ്യത്തെ മഞ്ഞുവീഴ്ചയും ഉണ്ടായി.
ശനിയാഴ്ചയും ജമ്മുകശ്മീരിൽ കനത്ത മഴക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഹിമാലൻ മേഖലയിലാകെ മഴ ലഭിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കനത്ത മഴയെ തുടർന്ന് ജമ്മുകശ്മീരിലെ നദികളിലെ ജലനിരപ്പ് ഉയർന്നു.
നിരവധി ഹൈവേകളുംഅടച്ചിട്ടുണ്ട്. ലഡാക്-ശ്രീനഗർ ഹൈവേയും കനത്ത മഞ്ഞുവീഴ്ചമൂലം അടച്ചിട്ടു. മണ്ണിടിച്ചിൽ മൂലം ജമ്മു-ശ്രീനഗർ പാതയും അടച്ചു. പലയിടത്തും വൈദ്യുതിയും മുടങ്ങിയിട്ടുണ്ട്.