കൊച്ചി: ഇന്ധനവിലവര്‍ധനക്കെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് സമരത്തെ ചോദ്യം ചെയ്ത നടന്‍ ജോജു ജോര്‍ജ് മദ്യപിച്ചിട്ടില്ലെന്ന് വൈദ്യ പരിശോധന റിപ്പോർട്ട്. ജോജുവിനെതിരെ കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതി പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. ഇന്ധനവിലക്കെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തിനിടെ ജോജു മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന് എറണാകുളം ഡി.സി.സി പ്രസിഡന്‍റ് ഷിയാസ് ആരോപിച്ചിരുന്നു.
ജോജു വനിതാപ്രവര്‍ത്തകരെ അധിക്ഷേപിച്ചുവെന്നും ഷിയാസ് പറഞ്ഞിരുന്നു. എന്നാല്‍ താൻ മദ്യപിച്ചിട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി ജോജു നേരത്തെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. വനിതാ പ്രവർത്തകയെ ആക്രമിച്ചെന്ന ആരോപണം തെറ്റാണ്.
സമരത്തെ അനുകൂലിക്കുന്നുവെന്നും സമരരീതിയെ ആണ് വിമർശിച്ചതെന്നും വൈദ്യ പരിശോധനയ്ക്ക് ശേഷം ജോജു വ്യക്തമാക്കിയിരുന്നു. ഇന്ധന വിലവർധനവിനെതിരെ ഇന്ന് എറണാകുളത്ത് നടത്തിയ റോഡ് ഉപരോധ സമരത്തിനിടയിലാണ് പ്രതിഷേധവുമായി നടൻ ജോജു രംഗത്തെത്തിയത്. സമരം ചെയ്യുന്ന കോൺഗ്രസ് പ്രവർത്തരോട് അദ്ദേഹം ക്ഷോഭിക്കുകയായിരുന്നു. എറണാകുളത്തെ ഇടപ്പള്ളി വൈറ്റില ബൈപ്പാസാണ് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചത്.