ജോജു ജോർജിനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുമെന്ന് ഡിസിപി ഐശ്വര്യ ഡോങ്ക്റെ

November 1, 2021
233
Views

ഇന്ധനവില വർധനവിനെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനെതിരെ പ്രതികരിച്ച നടൻ ജോജു ജോർജിനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുമെന്ന് ഡിസിപി ഐശ്വര്യ ഡോങ്ക്റെ. ജോജു മദ്യപിച്ചെത്തി ബഹളമുണ്ടാക്കുകയായിരുന്നു എന്ന എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിൻ്റെ ആരോപണത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസിൻ്റെ നീക്കം. ജോജുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നാണ് വിവരം. അദ്ദേഹത്തെ കൈയ്ക്ക് ചെറിയ മുറിവ് പറ്റിയിട്ടുണ്ട്. ട്രാഫിക്ക് ബ്ലോക്ക് നീക്കാനുള്ള കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ഡിസിപി മാധ്യമങ്ങളോട് പറഞ്ഞു. റോഡ് തടഞ്ഞതിന് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. ആളുകളെ തിരിച്ചറിഞ്ഞിട്ട് നടപടിയെടുക്കും. ഇത്തരത്തിൽ ഒരു സമരമുണ്ടാവുമെന്ന് പൊലീസിനെ അറിയിച്ചിരുന്നു. പക്ഷേ, രേഖാമൂലമുള്ള അനുമതി വാങ്ങിയിട്ടില്ല. 

ഇടപ്പള്ളി വൈറ്റില ദേശീയപാതയിലായിരുന്നു എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധം. പ്രതിഷേധക്കാർ ദേശീയ പാത ഉപരോധിച്ചതോടെ വലിയ ഗതാഗതക്കുരുക്ക് രൂപ്പപെട്ടു. പ്രതിഷേധത്തിനെതിരെ നടൻ ജോജു ജോർജും രംഗത്തെത്തി. ഇതേ തുടർന്ന് ജോജുവിന്റെ കാർ കോൺഗ്രസ് പ്രവർത്തകർ അടിച്ചുതകർത്തു.

ഗതാഗതം തടസപ്പെട്ടതോടെ കാറിൽ യാത്രചെയ്യുകയായിരുന്ന നടൻ ജോജു ജോർജ് പുറത്തേക്കിറങ്ങുകയായിരുന്നു. ഗതാഗതം തടസപ്പെടുത്തിയതിൽ കോൺഗ്രസ് പ്രവർത്തകരുമായി ജോജു വാക്കേറ്റമുണ്ടായി. കോൺഗ്രസിനെ നാണം കെടുത്താനുള്ള സമരമുറയാണിതെന്ന് ജോജു ജോർജു കുറ്റപ്പെടുത്തി. ഷോ കാണിക്കാൻ വേണ്ടി ഇറങ്ങിയതല്ലെന്നും സാധാരണക്കാരായ നിരവധിയാളുകൾ റോഡിൽ കുടുങ്ങിക്കിടക്കുകയാണെന്നും ജോജു ജോർജ് പറഞ്ഞു. വഴിതടഞ്ഞുള്ള സമരത്തിനെതിരെ ജോജുവിനൊപ്പം നാട്ടുകാരും ചേർന്നു.

ഉപരോധസമരം അവസാനിച്ച് വാഹനങ്ങൾ നീങ്ങിത്തുടങ്ങിയതോടെ ജോജുവിന്റെ വാഹനത്തിന്റെ പുറകിലെ ഗ്ലാസ് പ്രതിഷേധത്തിൽ പങ്കെടുത്തയാൾ അടിച്ചുതകർത്തു. ജോജു ജോർജ് മാപ്പ് പറയാതെ വിടില്ലെന്നായിരുന്നു സമരക്കാരുടെ ആവശ്യം. എന്നാൽ, കൂടുതൽ പൊലീസ് ഇടപെട്ട് ജോജുവിനെ സുരക്ഷിതമായി മരട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.

മദ്യപിച്ചെത്തിയ നടൻ സമരം അലങ്കോലപ്പെടുത്തിയെന്നും സമരം നടത്തിയത് മുൻകൂട്ടി അനുമതി വാങ്ങിയതാണെന്നും എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് പറഞ്ഞു. മഹിളാ കോൺഗ്രസ് പ്രവർത്തകരെ ഉൾപ്പെടെ അധിക്ഷേപിച്ചെന്നും ജോജുവിനെതിരെ പരാതി നൽകുമെന്നും ഡിസിസി അധ്യക്ഷൻ പ്രതികരിച്ചു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *