തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രചാരണ സമിതി ചെയര്‍മാനായി കെ മുരളീധരന്‍ എം പിയെ നിയമിച്ചു. നേരത്തേ ഈ സ്ഥാനം വഹിച്ചിരുന്ന അദ്ദേഹം കഴിഞ്ഞവര്‍ഷം രാജിവച്ചിരുന്നു. യു ഡി എഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ബെന്നി ബഹന്നാന്‍ രാജി പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു കെ.മുരളീധരനും രാജി വച്ചത്. അതിനുശേഷം മറ്റാരെയും ഈ സ്ഥാനത്ത് നിയമിച്ചിരുന്നില്ല. ഒരാള്‍ക്ക് ഒരു പദവി ചട്ടം അനുസരിച്ചാണ് പ്രചാരണ വിഭാഗം അദ്ധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നതെന്നാണ് രാജിക്കത്തില്‍ അദ്ദേഹം പറഞ്ഞിരുന്നത്. എന്നാല്‍ കെപിസിസി സെക്രട്ടറിമാരുടെ പട്ടിക തയാറാക്കിയതിലെ എതിര്‍പ്പിനെ തുടര്‍ന്നാണ് രാജിവച്ചത് എന്നുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. സമൂഹ മാദ്ധ്യമങ്ങളിലൂടെയാണ് അദ്ദേഹം രാജിക്കത്ത് നല്‍കിയ കാര്യം പുറത്തുവിട്ടത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇതിനിടെ അദ്ദേഹത്തെ കെ പി സി സി അദ്ധ്യക്ഷനാക്കണമെന്ന ആവശ്യവും ചില കോണുകളില്‍ നിന്നുയര്‍ന്നു. കെ പി സി സി അദ്ധ്യക്ഷനായി കെ. സുധാകരനെ നിയമിച്ചതിന് പിന്നാലെ യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് മുരളീധരനെ ഹൈക്കമാന്‍ഡ് സജീവമായി പരിഗണിച്ചിരുന്നു. എന്നാല്‍ കണ്‍വീനറാകാന്‍ ഇല്ലെന്ന് അദ്ദേഹം ഹൈക്കമാന്‍ഡിനെ അറിയിക്കുകയായിരുന്നു.