പിണറായിക്ക് മറുപടിയോ? മാടായിപ്പാറയില്‍ കെ റെയിലിന് റീത്ത് വെച്ച നിലയില്‍

January 14, 2022
311
Views

കണ്ണൂര്‍ : മാടായിപ്പാറയില്‍ കെ റെയില്‍ അതിരടയാളക്കല്ലുകള്‍ പിഴുത് മാറ്റി റീത്ത് വെച്ചു. എട്ട് കല്ലുകളാണ് പിഴുത് റോഡില്‍ കൂട്ടിയിട്ട് റീത്ത് വച്ചത്. നേരത്തെയും രണ്ടു തവണ കല്ലുകള്‍ പിഴുത് മാറ്റിയിരുന്നു. സംഭവത്തില്‍ പഴയങ്ങാടി പോലീസ് അന്വേഷണം തുടങ്ങി.

മാടായിപ്പാറയില്‍ നിന്ന് മാടായി ക്ഷേത്രത്തിലേക്ക് പോകുന്ന റോഡരികിലാണ് സര്‍വേ കല്ലുകള്‍ക്കുമേല്‍ റീത്തുവെച്ച നിലയില്‍ കണ്ടെത്തിയത്. പ്രദേശത്ത് നടക്കാനിറങ്ങിയവരാണ് ഇക്കാര്യം ആദ്യം കണ്ടത്. എന്നാല്‍ ഇതിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.

ഏറ്റവും കൂടുതല്‍ സര്‍വേ കല്ലുകള്‍ നാട്ടിയതും മാടായിപ്പാറയിലാണ്. കെ റെയില്‍ കടന്നുപോകുന്നതുമായി ബന്ധപ്പെട്ട് പരിസ്ഥിതി സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ സര്‍വ്വേകല്ലുകള്‍ പിഴുത് മാറ്റിയിരിക്കുന്നത്. നേരത്തേയും മാടായിപ്പാറയില്‍ കെ-റെയില്‍ സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞിരുന്നു.

സില്‍വര്‍ ലൈന്‍ പദ്ധതിയിയുടെ ഭാഗമായി കെ റെയില്‍ എന്ന് രേഖപ്പെടുത്തിയ തൂണുകള്‍ സ്ഥാപിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഇടക്കാല ഉത്തരവിറക്കിയിരുന്നു. കല്ല് നീക്കം ചെയ്യുന്നതില്‍ നിലപാട് അറിയിക്കാന്‍ കെ റെയില്‍ കമ്ബനിക്ക് നിര്‍ദ്ദേശവും നല്‍കിയിരുന്നു.

സില്‍വര്‍ ലൈനിനായി 2832 കല്ലുകള്‍ സ്ഥാപിച്ചെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍ വീടുകളിലേക്കുള്ള പ്രവേശനം പോലും തടഞ്ഞാണ് വലിയ അതിരടയാള തൂണ്‍ സ്ഥാപിക്കുന്നത്. ജനങ്ങളെ ബുദ്ധിമുട്ടിച്ചും ഭീഷണിപ്പെടുത്തിയുമല്ല പദ്ധതി നടപ്പാക്കേണ്ടതെന്നാണ് കോടതി അറിയിച്ചത്.

Article Categories:
Kerala · Latest News · Latest News · Politics

Leave a Reply

Your email address will not be published. Required fields are marked *