കാബൂൾ: കാബൂളിലെ വനിതാകാര്യമന്ത്രാലയത്തിൽ സ്ത്രീ ജീവനക്കാർക്ക് പ്രവേശം നിഷേധിച്ച് താലിബാൻ. മന്ത്രാലയത്തിന്റെ കെട്ടിടത്തിലേക്ക് പുരുഷന്മാർക്ക് മാത്രമേ പ്രവേശനമുളളൂവെന്ന് ജീവനക്കാരിലൊരാൾ പറഞ്ഞു. നാല് സ്ത്രീകളെ കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് തടഞ്ഞുവെന്ന് ജീവനക്കാരനെ ഉദ്ദരിച്ച് സ്പുട്നിക് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
20 വർഷങ്ങൾക്ക് ശേഷം താലിബാൻ വീണ്ടും അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തതോടെ സ്ത്രീകൾക്ക് കടുത്ത നിയന്ത്രണങ്ങളാണ് കൊണ്ടുവന്നത്. എന്നാൽ ഇസ്ലാം മതം അനുവധിക്കുന്ന സ്വാതന്ത്ര്യം സ്ത്രീകൾക്ക് നൽകുമെന്നായിരുന്നു അധികാരം പിടിച്ചെടുത്ത സമയത്ത് താലിബാൻ നൽകിയ വാഗ്ദാനം.
അഫ്ഗാൻ സ്ത്രീകളെ പുരുഷന്മാർക്കൊപ്പം ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് താലിബാൻ ഭരണകക്ഷിയുടെ ഒരു മുതിർന്ന നേതാവ് ദിവസങ്ങൾക്ക് മുമ്പ് വ്യക്തമാക്കിയിരുന്നു. സ്ത്രീകളെ അവർ ആഗ്രഹിക്കുന്നിടത്ത് ജോലി ചെയ്യാൻ അനുവദിക്കണമെന്ന് അന്താരാഷ്ട്ര സമൂഹം സമ്മർദ്ദം ചെലുത്തിയിട്ടും, താലിബാൻ അതിന് കാത് കൊടുക്കാൻ തയ്യാറാകുന്നില്ല. ഇസ്ലാമിക് നിയമത്തിന്റെ പൂർണരൂപം നടപ്പാക്കാൻ ഒരുങ്ങുകയാണ് താലിബാനെന്ന് മുതിർന്ന നേതാവായ വഹീദുല്ല ഹാഷിമി റോയിട്ടേഴ്‌സിനോട് പറഞ്ഞു.
അതേസമയം അഫ്ഗാനിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും വിദ്യാഭ്യാസത്തിനായി താലിബാൻ സർക്കാർ പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. അഫ്ഗാൻ സ്ത്രീകൾക്ക് യൂണിവേഴ്സിറ്റിയിൽ പ്രവേശനം അനുവദിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി അബ്ദുൽ ബാഖി ഹഖാനി പറഞ്ഞു. എന്നാൽ, പുരുഷന്മാർക്കൊപ്പം ഇരുന്ന് പഠിക്കാൻ അനുവദിക്കില്ലെന്നും ഇയാൾ വ്യക്തമാക്കി. അഫ്ഗാൻ സർവകലാശാലകളെ ലിംഗഭേദമനുസരിച്ച് വേർതിരിക്കുമെന്നും പുതിയ ഡ്രസ്കോഡ് അവതരിപ്പിക്കുമെന്നും താലിബാൻ പറഞ്ഞു.