ബെംഗളൂരു: കർണാടകത്തിലെ കലബുറഗിയിൽ ശരണബസവേശ്വര സംസ്ഥാനിൽ പുതിയ മഠാധിപതി (പീഠാധിപതി)യായി അഞ്ചു വയസ്സുകാരന് സ്ഥാനാരോഹണം.
നിലവിലെ പീഠാധിപതി ഡോ. ശരണബസവപ്പ അപ്പയുടെ മകൻ ചിരഞ്ജീവി ദൊഡ്ഡപ്പ അപ്പയാണ് മഠത്തിലെ ഒമ്പതാം പീഠാധിപതിയായി സ്ഥാനമേറ്റത്. രണ്ട് നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ശരണബസവേശ്വര സംസ്ഥാനിലെ ഏറ്റവും പ്രായം കുറഞ്ഞ പീഠാധിപതിയാണ് ചിരഞ്ജീവി ദൊഡ്ഡപ്പ.
19-ാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താവായ ശരണബസവേശ്വർ സ്ഥാപിച്ച മഠമാണിത്. ശരണബസവേശ്വരന്റെ പേരിൽ ഒട്ടേറെ ക്ഷേത്രങ്ങളും മഠങ്ങളും കല്യാണ കർണാടക മേഖലയിലുണ്ട്.
മഠത്തിന്റെ പാരമ്പര്യപ്രകാരം മതപരമായ ആചാരങ്ങളും പൂജകളും നടത്തുന്നതിനുള്ള അധികാരം പുതിയ പീഠാധിപതിക്ക് കൈമാറിയതായി ഡോ. ശരണബസവപ്പ അപ്പ പറഞ്ഞു. സ്ഥാനാരോഹണച്ചടങ്ങിന് ചെന്നവീര ശിവാചാര്യ മുഖ്യകാർമികനായി. ശ്രീശൈലം സാരംഗ മഠത്തിലെ ജഗദ്ഗുരു സാരംഗധര ദേശികേന്ദ്ര സ്വാമി, വിവിധ മഠങ്ങളിലെ മഠാധിപതിമാർ, രാഷ്ട്രീയനേതാക്കൾ, പോലീസ്, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.