കളമശ്ശേരി സ്ഫോടന കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചു. സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച കുറ്റപത്രത്തില്‍ ഡൊമനിക് മാർട്ടിൻ മാത്രമാണ് കേസിലെ ഏക പ്രതി.
കേസുമായി ബന്ധപ്പെട്ട കുറ്റപത്രം എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയിലാണ് സമർപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞവർഷം ഒക്ടോബർ 29ന് രാവിലെ 9:30 യോടെയാണ് സാമ്രാ കണ്‍വെൻഷൻ സെന്ററില്‍ സ്ഫോടനം ഉണ്ടായത്. സാമ്രാ കണ്‍വെൻഷൻ സെന്ററില്‍ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ ഉണ്ടായ സ്ഫോടനത്തില്‍ എട്ടുപേർ മരണപ്പെടുകയും 52 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവം നടന്നതിന് തൊട്ടുപിന്നാലെ പ്രതിയായ ഡൊമിനിക് മാർട്ടിൻ സമൂഹമാധ്യമത്തില്‍ വീഡിയോ പങ്കുവയ്‌ക്കുകയും തൊട്ടു പിന്നാലെ പോലീസില്‍ കീഴടങ്ങുകയും ചെയ്തിരുന്നു.
കളമശ്ശേരി സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കുറ്റസമ്മതം നടത്തുന്ന വീഡിയോ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മാർട്ടിൻ പങ്കുവെച്ചത്. പോലീസില്‍ കീഴടങ്ങുന്നതിനു മുമ്ബാണ് ഇയാള്‍ ഫേസ്ബുക്കിലൂടെ വീഡിയോ പങ്കുവെച്ചത്. കൃത്യം ചെയ്യാൻ തന്നെ പ്രേരിപ്പിച്ചത് യഹോവ സാക്ഷികളുടെ ആശയത്തോടുള്ള എതിർപ്പാണെന്നും ഇയാള്‍ പങ്കുവെച്ച ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞിരുന്നു. ഭീകരവിരുദ്ധ നിയമം, സ്ഫോടക വസ്തുനിയമം തുടങ്ങിയവ പ്രകാരമാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.