കണ്ണൂർ: തോട്ടടയിൽ ബോംബാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾക്ക് കൂടി പങ്കുണ്ടെന്ന് പോലീസ്. കടമ്പൂർ സ്വദേശി അരുണിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പോലീസ് വ്യക്തമാക്കി.
കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ സനാഥിനൊപ്പം വടിവാൾ എത്തിക്കാൻ കൂട്ടുനിന്നത് അരുണാണ്. ആക്രമണസംഘത്തിലും അരുൺ ഉണ്ടെന്നാണ് പോലീസ് പറഞ്ഞത്. അരുണിനെ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നു.
ബോംബ് നിർമാണത്തിന് മറ്റൊരാളുടെ സഹായം കൂടി ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ബോംബ് നിർമിക്കാനുപയോഗിച്ച വെടിമരുന്ന് പുറത്തുനിന്നെത്തിച്ചതാണെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞിരുന്നു. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇയാളെക്കുറിച്ച് വ്യക്തമായ സൂചനകൾ പോലീസിന് ലഭിച്ചതായാണ് വിവരം. പള്ളിക്കുന്ന് സ്വദേശിയായ ഒരാളിൽനിന്നാണ് ബോംബിനാവശ്യമായ വെടിമരുന്ന് വാങ്ങിയതെന്ന് പറയുന്നുണ്ട്.
കേസിൽ അറസ്റ്റിലായ മിഥുൻ, അക്ഷയ്, ഗോകുൽ എന്നിവർ ചേർന്ന് മിഥുനിന്റെ പഴയ വീട്ടിൽവെച്ചാണ് ബോംബുണ്ടാക്കിയത്. ഇതിന് ഉപയോഗിച്ച വെടിമരുന്നിന്റെയും മറ്റും അവശിഷ്ടങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിന്റെ തലേന്ന് രാത്രി താഴെചൊവ്വയിലെ പടക്കക്കടയിൽനിന്ന് വാങ്ങിയ പടക്കത്തിന്റെ വെടിമരുന്നല്ല ബോംബിന് ഉപയോഗിച്ചതെന്ന് പരിശോധനയിൽ വ്യക്തമായി. അവിടെനിന്ന് വാങ്ങിയ പടക്കം അവർ കല്യാണദിവസം വഴിനീളെ പൊട്ടിച്ച് തീർത്തിരുന്നു.
‘പച്ചക്കെട്ട്’ എന്ന് പേരുള്ള ശക്തിയേറിയ പടക്കത്തിനും പനയോലയിൽ പൊതിഞ്ഞുണ്ടാക്കുന്ന ഓലപ്പടക്കത്തിനും ഉപയോഗിക്കുന്ന വെടിമരുന്ന് പലയിടങ്ങളിലും ബോംബ് നിർമാണത്തിന് ഉപയോഗിക്കാറുണ്ട്. ഇവിടെ ഇത് ഉപയോഗിച്ചിട്ടില്ല. മൂന്ന് ബോംബുകളാണ് ഉണ്ടാക്കിയത്. ഒന്ന് പഴയ വീട്ടിനുസമീപത്ത് പരീക്ഷിച്ചുനോക്കിയിരുന്നു. ബോംബിൽ കരിങ്കൽച്ചീളുകൾ ഉപയോഗിച്ചതാണ് മാരകമാകാൻ കാരണം.
വിവാഹപ്പാർട്ടിക്ക് നേരെ മിഥുൻ വീശിയ വടിവാൾ സനാദാണ് കറുത്ത കാറിൽ എത്തിച്ചുകൊടുത്തത്. സംഭവത്തിനുശേഷം മിഥുൻ സംസ്ഥാനം വിട്ടതായി വാർത്തകളുണ്ടായിരുന്നുവെങ്കിലും ഇയാൾ ദൂരെ എവിടെയും പോയിരുന്നില്ല. ചൊവ്വാഴ്ച രാവിലെത്തന്നെ ഇയാൾ പോലീസിന്റെ വലയിലായിരുന്നു.
ഞായറാഴ്ചയാണ് തോട്ടയിൽ വിവാഹാഘോഷ യാത്രയ്ക്കിടെ ബോംബ് പൊട്ടിത്തെറിച്ച് ജിഷ്ണു എന്ന യുവാവ് കൊല്ലപ്പെട്ടത്.