എംജി സർവകലാശാല കൈക്കൂലി കേസ്; എംബിഎ വിഭാഗത്തിന് വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തൽ

February 17, 2022
105
Views

എംജി സർവകലാശാല കൈക്കൂലി കേസിൽ എംബിഎ വിഭാഗത്തിന് വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തൽ. പി ഹരികൃഷ്ണൻ അധ്യക്ഷനായ സിൻഡിക്കേറ്റ് ഉപസമിതിയാണ് വൈസ് ചാൻസിലർക്ക് റിപ്പോർട്ട് കൈമാറിയത്. അറസ്റ്റിലായ സിജെ എൽസി മറ്റ് രണ്ട് വിദ്യാർത്ഥികളുടെ മാർക്ക് ലിസ്റ്റിൽ തിരുത്തൽ വരുത്തിയതിൻ്റെ സൂചനകളും അവർക്ക് ലഭിച്ചു. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും സമിതി ശുപാർശ ചെയ്തു. സിജെ എൽസി കൈക്കൂലി പണം ഒമ്പതു പേർക്ക് കൈമാറിയതായി വിജിലൻസ് കണ്ടെത്തിയിരുന്നു. എംബിഎ വിഭാഗത്തിന് വീഴ്ച സംഭവിച്ചു. സെക്ഷൻ ഓഫീസർക്ക് ജാഗ്രതക്കുറവുണ്ടായി. ഈ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും സമിതി പറയുന്നു.

ജനുവരി 28നാണ് എം.ബി.എ വിദ്യാർഥിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ എം.ജി സർവകലാശാലയിലെ അസിസ്റ്റന്റ് എൽസിയെ വിജിലൻസ് സംഘം കൈയോടെ പിടികൂടിയത്. ഒന്നരലക്ഷം രൂപയാണ് പ്രൊവിഷണൽ സർട്ടിഫിക്കറ്റിനും മാർക്ക് ലിസ്റ്റിനുമായി ഇവർ ആവശ്യപ്പെട്ടത്.

പത്തനംതിട്ട സ്വദേശിയായ എംബിഎ വിദ്യാർഥിനിയാണ് പരാതിയിലായിരുന്നു നടപടി വിദ്യാർഥിനി സപ്ലിമെന്ററി പരീക്ഷയിലൂടെയാണ് എംബിഎ പാസായത്. ഇവയുടെ സർട്ടിഫിക്കറ്റുകൾ കാലതാമസം കൂടാതെ ലഭിക്കുന്നതിന് ആദ്യം എൽസി 1.1 ലക്ഷം രൂപ ആവശ്യപ്പെട്ടു. വിദ്യാർഥിനി പണം നൽകി. ബാങ്ക് അക്കൗണ്ട് വഴിയാണ് പണം കൈമാറിയത്. എൽസിയുടെ ശമ്പളം വിതരണം ചെയ്യുന്ന അക്കൗണ്ടിൽ തന്നെയാണ് പണം വാങ്ങിയത്.

പിന്നീട് ഡിഗ്രി പ്രൊവിഷനൽ സർട്ടിഫിക്കറ്റിന് വിദ്യാർഥിനി അപേക്ഷ നൽകി. അവ ഉടനെ നൽകുന്നതിന് 15000 രൂപ എൽസി ആവശ്യപ്പെട്ടു. ഇതോടെ വിദ്യാർഥിനി വിജിലൻസ് എസ്പി വി.ജി.വിനോദ് കുമാറിന് പരാതി നൽകി. തുടർന്ന് വിജിലൻസ് സംഘം കൈമാറിയ 15000 രൂപ എൽസിക്കു വിദ്യാർഥിനി കൊടുത്തു. പണം കൈപ്പറ്റിയെ എൽസിയെ ഉടനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇടതു പക്ഷ ജീവനക്കാരുടെ സംഘടനയുടെ പ്രവർത്തകയാണ് എൽസി. എൽസിയെ എംജി സർവകലാശാല എംപ്ലോയീസ് അസോസിയേഷൻ പ്രാഥമികാംഗത്വത്തിൽ നിന്നു പുറത്താക്കിയിരുന്നു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *