കന്യാകുമാരിയില്‍ തിരയില്‍പ്പെട്ട് അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു

May 6, 2024
0
Views

കന്യാകുമാരി: കന്യാകുമാരിയിലെ സ്വകാര്യ ബീച്ചില്‍ കുളിക്കാനിറങ്ങിയ അഞ്ച് മെഡിക്കല്‍ വിദ്യാർഥികള്‍ മുങ്ങിമരിച്ചു.

മരിച്ചവരില്‍ രണ്ട് പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. തഞ്ചാവൂർ സ്വേദേശി ഡി. ചാരുകവി (23), നെയ്വേലി സ്വദേശി ബി. ഗായത്രി (25), കന്യാകുമാരി സ്വദേശി പി. സർവദർശിത് (23), ഡിണ്ടിഗല്‍ സ്വദേശി എം. പ്രവീണ്‍ സാം (23), ആന്ധ്രാപ്രദേശില്‍നിന്നുള്ള വെങ്കടേഷ് (24) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

തിരുച്ചിറപ്പള്ളിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ വിദ്യാർഥികളാണ് മരിച്ചവരെല്ലാം. സഹപാഠിയുടെ സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാൻ 12 വിദ്യാർഥികള്‍ സംഘമായാണ് നാഗർകോവിലില്‍ എത്തിയത്. ഞായറാഴ്ച നടന്ന വിവാഹത്തിനു ശേഷം ഇവർ കന്യാകുമാരിയില്‍ എത്തുകയായിരുന്നു.

കന്യാകുമാരിയിലെ ലെമൂർ ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദ്യാർഥികള്‍ ശക്തമായ തിരയില്‍ പെട്ടുപോകുകയായിരുന്നു. ഏഴുപേർ കുളിക്കുന്നതിന് കടലിലിറങ്ങി. ബാക്കിയുള്ളവർ കരയില്‍ ഇരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇവരാണ് അപകടവിവരം നാട്ടുകാരെയും പ്രദേശത്തെ മത്സ്യബന്ധന തൊഴിലാളികളെയും അറിയിച്ചത്.

മത്സ്യത്തൊഴിലാളികള്‍ ഉടൻതന്നെ കടലില്‍ തിരച്ചില്‍ ആരംഭിക്കുകയും മുങ്ങിപ്പോയ രണ്ടുപേരെ രക്ഷപ്പെടുത്തുകയും ചെയ്തു. ഇവർ കന്യാകുമാരി ജില്ലാ ഗവർണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് ദൃക്സാക്ഷികളായ, കരയിലുണ്ടായിരുന്ന വിദ്യാർഥികളില്‍ രണ്ടുപേർ കുഴഞ്ഞുവീണതിനെ തുടർന്ന് ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തൂത്തുക്കുടി, കന്യാകുമാരി മേഖലയില്‍ കടല്‍ക്ഷോഭത്തിനുള്ള സാധ്യതയുണ്ടെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. കടല്‍ക്ഷോഭത്തില്‍ തമിഴ്നാട്ടില്‍ മറ്റ് മൂന്ന് മരണങ്ങള്‍ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതായി പോലീസ് അറിയിച്ചു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *