രാജ്യത്താകമാനം വലിയ രീതിയില്‍ ചൂട് വര്‍ധിക്കുമ്ബോള്‍ സുഖകരമായ കാലാവസ്ഥയുള്ള കശ്മീരിലേക്ക് വിനോദസഞ്ചാരികളുടെ പ്രവാഹം
രാജ്യത്താകമാനം വലിയ രീതിയില്‍ ചൂട് വര്‍ധിക്കുമ്ബോള്‍ സുഖകരമായ കാലാവസ്ഥയുള്ള കശ്മീരിലേക്ക് വിനോദസഞ്ചാരികളുടെ പ്രവാഹം.
കൊടും തണുപ്പില്‍ നിന്ന് മാറി സീസണിലെ ഏറ്റവും മികച്ച കാലാവസ്ഥയിലാണ് പച്ചപ്പണിഞ്ഞു നില്ക്കുന്ന താഴ്വാരം. കഴിഞ്ഞ ദിവസങ്ങളില്‍ മഴയും പെയ്തതോടെ തണുപ്പ് വീണ്ടും കുറഞ്ഞിരിക്കുകയാണ്.
ശരാശരി 20 ഡിഗ്രിയാണ് സമീപ ദിവസങ്ങളിലെ കശ്മീരിലെ താപനില. പൊതുവെ മേഘങ്ങള്‍ നിറഞ്ഞ ആകാശമാണുള്ളത്. ചില സ്ഥലങ്ങളില്‍ ചാറ്റല്‍മഴ പെയ്യുകയും ചെയ്തതോടെയാണ് കൂടുതല്‍ സുഖകരമായ കാലാവസ്ഥയായത്. കുന്നിൻമുകളിലും താഴ്വാരങ്ങളിലും വേനല്‍ക്കാല സൂര്യന്റെ സ്വര്‍ണത്തിളക്കം നിറഞ്ഞതോടെ കാഴ്ചകളുടെ സൗന്ദര്യവും വര്‍ധിച്ചു. പ്രഭാതത്തിലെ തണുപ്പും കുന്നിൻമുകളില് നിന്നെത്തുന്ന കാറ്റുമെല്ലാം അതിന്റെ മാറ്റ് കൂട്ടുകയാണ്.
രാജ്യത്തെ മറ്റ് പ്രദേശങ്ങളില്‍ ചൂട് വര്‍ധിക്കുന്നതിനാല്‍ വിനോദസഞ്ചാരികളുടെ വലിയ കൂട്ടമാണ് ഇപ്പോള്‍ കശ്മീരിലുള്ളത്. കൊടുംചൂടുള്ള പഞ്ചാബ്, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ സഞ്ചാരികളുമെത്തുന്നത്. ശരാശരി 40-45 ഡിഗ്രി ചൂടുള്ള ഈ സംസ്ഥാനങ്ങളില്‍ നിന്നെത്തുവര്‍ക്ക് മികച്ച സഞ്ചാര അനുഭവമാണ് ഇപ്പോള്‍ കശ്മീരില്‍ നിന്ന് ലഭിക്കുന്നത്. ഗുല്‍മാര്‍ഗ് പോലുള്ള പ്രദേശങ്ങളില്‍ മഞ്ഞ് വീഴ്ചയുമുണ്ട്. മഴയും മഞ്ഞും ഒരുമിച്ച് കാണാനായതും സഞ്ചാരികളെ ആനന്ദിപ്പിക്കുന്നുണ്ട്.
ശനിയാഴ്ച പൊതുവെ തെളിഞ്ഞ ദിവസമായിരുന്നെങ്കിലും വരും ദിവസങ്ങളിലും വൈകുന്നേരത്തോടെ ചെറിയ മഴയുണ്ടാവാൻ സാധ്യതയുള്ളതായി കാലവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. പൊതുവെ ജൂണ്‍ മാസമാണ് കശ്മീര്‍ സന്ദര്‍ശനത്തിന് ഏറ്റവും മികച്ച സമയങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നത്. നിലവിലെ കാലാവസ്ഥ തുടര്‍ന്നാല്‍ സമീകാലത്തെ ഏറ്റവും മികച്ച സീസണായിരിക്കും താഴ്വാരത്തെ കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ജി-20 രാഷ്ട്രകൂട്ടായ്മയുടെ വിനോദസഞ്ചാരസമ്മേളനത്തിനും കശ്മീര്‍ വേദിയായിരുന്നു.