തിരുവനന്തപുരം: സിനിമയില്‍ അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ നടന്‍ മമ്മൂട്ടിയെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കും. സിനിമ, സാംസ്‍കാരിക മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ അറിയിച്ചതാണ് ഇത്. ഈ മാസം ആറിനാണ് മമ്മൂട്ടി സിനിമയില്‍ അന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയത്. മമ്മൂട്ടി ആദ്യം സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ട ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ റിലീസ് ചെയ്യപ്പെട്ടത് 1971 ഓഗസ്റ്റ് ആറിനാണ്.
ആഗസ്റ്റ് ആറിന് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും നിരവധി ആരാധകരും സിനിമാപ്രവര്‍ത്തകരും താരത്തിന് ആശംസകള്‍ നേര്‍ന്നിരുന്നു. ആശംസകള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം നന്ദി അറിയിച്ചിരുന്നു. “ഓരോരുത്തരില്‍ നിന്നുമുള്ള ഈ സ്‍നേഹം എന്നെ കീഴടക്കിയിരിക്കുന്നു. എന്‍റെ സഹപ്രവര്‍ത്തകരും എല്ലായിടത്തുനിന്നുമുള്ള ആരാധകരും. നിങ്ങള്‍ ഓരോരുത്തരോടും നന്ദി”, മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
‘ബിഗ് ബി’ക്കു ശേഷം അമല്‍ നീരദിനൊപ്പം ഒന്നിക്കുന്ന ‘ഭീഷ്‍മ പര്‍വ്വം’, നവാഗതയായ റതീന ഷര്‍ഷാദ് ഒരുക്കുന്ന ‘പുഴു’ എന്നിവയാണ് അദ്ദേഹത്തിന് പൂര്‍ത്തിയാക്കാനുള്ള പ്രോജക്റ്റുകള്‍.