കഴിഞ്ഞ ഒരു വർഷം കൊണ്ട് ഹെലികോപ്ടറിന്‍റെ വാടകയിനത്തിൽ കേരള പൊലീസ് ചെലവിട്ടത് 22 കോടി രൂപ

September 15, 2021
177
Views

തിരുവനന്തപുരം: കേരള പൊലീസ് ഹെലികോപ്ടറിന്‍റെ വാടകയിനത്തിൽ കഴിഞ്ഞ ഒരു വർഷം കൊണ്ട് ചെലവിട്ടത് 22 കോടിയിലധികം രൂപ. എന്നാല്‍ ഇക്കാലയളവിൽ ഹെലികോപ്ടർ എന്തൊക്കെ ആവശ്യത്തിന് ഉപയോഗിച്ചു എന്ന ചോദ്യങ്ങൾക്ക് ഉത്തരം ഇല്ല. വിവരാവകാശ നിയമപ്രകാരമുള്ള രേഖകളിലാണ് ഹെലിക്കോപ്റ്റര്‍ വാടകയിലെ കൊള്ള കണക്ക് പുറത്തായത്.

കൊറോണ ഒന്നാം തരംഗ കാലമായ 2020 ഏപ്രിലിലാണ് പൊലീസിൻറെ അടിയന്തരാവശ്യത്തിനെന്ന പേരിൽ ഹെലികോപ്ടർ വാടകയ്ക്കെടുത്തത്. പൈലറ്റ് അടക്കം മൂന്ന് ജീവനക്കാരുമായി ഡെൽഹിയിലെ പൊതുമേഖലാ സ്ഥാപനമായ പവൻഹൻസിൽ നിന്നുമാണ് 11 സീറ്റുള്ള ഇരട്ട എഞ്ചിൻ ഹെലികോപ്ടര്‍ വാടകക്കെടുത്തത്. ഇരുപത് മണിക്കൂർ പറത്താൻ 1.44 കോടി വാടകയും അതിൽ കൂടുതലായാൽ മണിക്കൂറിന് 67000 രൂപ വീതവുമെന്നതായിരുന്നു കണക്ക്.

ഹെലികോപ്ടര്‍ വാടക ഇനത്തില്‍ ഇതുവരെ ജി.എസ്.ടി ഉൾപ്പെടെ 22,21,51000 രൂപ ചെലവായെന്നാണ് കണക്ക്. മാസവാടകയും അനുബന്ധ ചെലവുകൾക്കുമായി 21,64,79,000 രൂപയും ഫീസിനും അനുബന്ധ ചെലവിനുമായി 56,72,000 രൂപയുമാണ് നല്‍കിയത്. മാവോയിസ്റ്റ് നിരീക്ഷണം, പ്രളയം പോലുള്ള ദുരന്തഘട്ടങ്ങളിലെ ഉപയോഗം എന്നിവയായിരുന്നു അടിയന്തരാവശ്യമായി ചൂണ്ടിക്കാണിച്ചിരുന്നത്.

എന്നാൽ ഈ സാഹചര്യങ്ങളിലൊന്നും ഹെലികോപ്ടറിൻറെ ഉപയോഗം നടന്നില്ല. വാങ്ങിയ ശേഷം എത്ര തവണ ഉപയോഗിച്ചു, മാവോയിസ്റ്റ് ഓപ്പറേഷന് ഉപയോഗിച്ചുവോ എന്നതിനടക്കമുള്ള ചോദ്യങ്ങൾക്ക് പൊലീസിന് വ്യക്തമായ മറുപടിയില്ല.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *