വടകര: കേന്ദ്രസര്‍ക്കാറിന് പിന്നാലെ പുതുച്ചേരിയിലും നികുതി കുറച്ചതോടെ സംസ്ഥാന അതിര്‍ത്തി പങ്കിടുന്ന മാഹി, പള്ളൂര്‍, പന്തക്കല്‍ എന്നിവിടങ്ങളിലേക്ക് ഇന്ധനം നിറക്കാന്‍ വാഹനങ്ങളുടെ നീണ്ട നിര.
കോഴിക്കോട്, കണ്ണൂര്‍ ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തെ പെട്രോള്‍ പമ്ബുകളില്‍ വാഹനങ്ങളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
വാഹനങ്ങള്‍ കൂട്ടത്തോടെ എത്തുന്നതിനാല്‍ അഭൂതപൂര്‍വമായ തിരക്കില്‍ ഇന്ധനം പെട്ടെന്ന് കാലിയാവുകയും ചെയ്യുന്നുണ്ട്. കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് പുറമെ അനുമതിയില്ലാത്ത ബസുകളും മാഹിയിലേക്ക് ഇടവേളകളില്‍ കുതിക്കുകയാണ്.
കോഴിക്കോട് ജില്ലയില്‍നിന്ന് വടകര, ഓര്‍ക്കാട്ടേരി, നാദാപുരം മേഖലകളിലുള്ളവരും കണ്ണൂര്‍ ജില്ലയിലെ തലശേരി, പാനൂര്‍ മേഖലകളില്‍നിന്നും വാഹനങ്ങള്‍ മാഹി, പള്ളൂര്‍, പന്തക്കല്‍ എന്നിവിടങ്ങളിലാണ് ഇന്ധനത്തിന് എത്തിച്ചേരുന്നത്.
കേരളവുമായി ഡീസലിന് 18.92 രൂപയുടെയും പെട്രോളിന് 12.80 രൂപയുമാണ് ഒരു ലിറ്റര്‍ ഇന്ധന വിലയിലുള്ള വ്യത്യാസം. പെട്രോളിന് 92.50 രൂപയും, ഡീസലിന് 80.94 രൂപയുമാണ് വില.
മാഹിക്ക് തൊട്ടടുത്ത തലശേരിയില്‍ പെട്രോള്‍ വില നൂറിന് മുകളില്‍ തുടരുകയാണ്. മാഹിയോട് ചേര്‍ന്ന് കിടക്കുന്ന കേരളത്തിലെ പമ്ബുകളില്‍ ഇന്ധന വില്‍പന കാര്യമായി കുറയുകയും ചെയ്തു.