പൂക്കോട്ടുംപാടം (മലപ്പുറം): അമരന്പലം പഞ്ചായത്തിലെ അമരന്പലം സൗത്ത് ശിവക്ഷേത്രത്തിനു സമീപം ഒരു കുടുംബത്തിലെ അഞ്ചു പേര്‍ ഒഴുക്കില്‍പ്പെട്ടു.
പൂക്കോട്ടുംപാടം (മലപ്പുറം): അമരന്പലം പഞ്ചായത്തിലെ അമരന്പലം സൗത്ത് ശിവക്ഷേത്രത്തിനു സമീപം ഒരു കുടുംബത്തിലെ അഞ്ചു പേര്‍ ഒഴുക്കില്‍പ്പെട്ടു.
മൂന്നു പേര്‍ നീന്തി രക്ഷപ്പെട്ടു. രണ്ടു പേര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു.
ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ക്ഷേത്ര ക്കടവിലാണ് സംഭവം. അമരന്പലം സൗത്തിലെ കൊട്ടാടൻ സുശീല (55), മകള്‍ സന്ധ്യ (32), സന്ധ്യയുടെ മക്കളായ അനുശ്രീ (12), അനുഷ (12), അരുണ്‍ (11) എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്.
സന്ധ്യ, അനുഷ, അരുണ്‍ എന്നിവരാണ് രക്ഷപ്പെട്ടത്. സുശീലയെയും പേരമകളായ അനുശ്രീയെയുമാണ് കാണാതായത്. ആത്മഹത്യ ചെയ്യാനായി കുടുംബം പുഴയില്‍ ചാടിയതാണെന്നും സംശയമുയര്‍ന്നിട്ടുണ്ട്.
പുലര്‍ച്ചെ വീടിനു സമീപത്തുള്ള ശിവക്ഷേത്രം കടവിലെത്തിയ കുടുംബാംഗങ്ങള്‍ കുതിരപ്പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. ഇതിനിടെ അരുണ്‍, അനുഷ എന്നിവര്‍ തിരികെ നീന്തിക്കയറി.
സന്ധ്യ രണ്ടു കിലോമീറ്റര്‍ അകലെയുള്ള ചെറായി കടവിലും നീന്തിക്കയറി. രക്ഷപ്പെട്ട അനുഷയും അരുണും തങ്ങള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്സിലെ സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാര്‍ പൂക്കോട്ടുംപാടം പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് നിലന്പൂര്‍ ഫയര്‍ ആൻഡ് റെസ്ക്യു അധികൃതരും എമര്‍ജൻസി റസ്ക്യു ഫോഴ്സ് ടീമും നാട്ടുകാരും സംയുക്തമായി പുഴയില്‍ തെരച്ചില്‍ നടത്തിയെങ്കിലും സുശീല, അനുശ്രീ എന്നിവരെ കണ്ടെത്താനായില്ല.
മഴ ശക്തമായതിനാല്‍ കുതിരപ്പുഴയില്‍ വെള്ളം ഉയര്‍ന്നതും ശക്തമായ ഒഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായി. ഇതോടെ ദേശീയ ദുരന്തനിവാരണ സേനയും തെരച്ചിലിനിറങ്ങി. ഇന്നലെ ഏറെ വൈകിയും സുശീലക്കും അനുശ്രീക്കും വേണ്ടി തെരച്ചില്‍ തുടര്‍ന്നു.
സാന്പത്തിക പ്രതിസന്ധി മൂലം ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നെന്ന് സന്ധ്യ മൊഴി നല്‍കിയതായി അറിയുന്നു.
സ്വന്തം വീടു തകര്‍ന്നതിനെത്തുടര്‍ന്ന് സുശീല മക്കളോടും പേരക്കുട്ടികളോടും ഒപ്പം വാടക ക്വാര്‍ട്ടേഴ്സില്‍ ആയിരുന്നു താമസിച്ചു വന്നിരുന്നത്. വാടക നല്‍കേണ്ട ദിവസമായിരുന്നു ഇന്നലെ.
പെരിന്തല്‍മണ്ണ ഡെപ്യൂട്ടി കളക്ടര്‍ ശ്രീധന്യ സുരേഷ്, നിലന്പൂര്‍ തഹസില്‍ദാര്‍ എം.പി. സിന്ധു, വില്ലേജ് ഓഫീസര്‍ എൻ.വി. ഷിബു, പഞ്ചായത്ത് പ്രസിഡന്‍റ് ഇല്ലിക്കല്‍ ഹുസൈൻ, ജനപ്രതിനിധികള്‍, വിവിധവകുപ്പു ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി. സന്ധ്യയുടെ ഭര്‍ത്താവ് ബാബുരാജ് വിദേശത്താണ്. മക്കള്‍ മൂന്നുപേരും അമരന്പലം സൗത്ത് ഗവ. യുപി സ്കൂള്‍ വിദ്യാര്‍ഥികളാണ്.