കൊല്ലം: സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയ ഭര്‍ത്തൃ ഗൃഹത്തില്‍ നേരിട്ടത് ക്രൂരപീഡനങ്ങളെന്ന് സാക്ഷി. വിസ്മയയുടെ സഹോദരന്‍ വിജിത്തിന്റെ ഭാര്യ ഡോ. രേവതിയാണ് ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി സുജിത് മുമ്ബാകെ സാക്ഷി മൊഴി നല്‍കിയത്.
കിരണ്‍ ഭിത്തിയോടു ചേര്‍ത്തു നിര്‍ത്തി കഴുത്തില്‍ കുത്തിപ്പിടിക്കുകയും ചവിട്ടി നിലത്തിട്ട് മുഖത്ത് കാല്‍കൊണ്ട് ചവിട്ടിപ്പിടിക്കുകയും ചെയ്യുമായിരുന്നെന്ന് വിസ്മയ പറഞ്ഞതായി അവര്‍ മൊഴി നല്‍കി. വിജിത്തിന്റെ വിവാഹാലോചന വന്നതു മുതല്‍ വിസ്മയയുമായി സംസാരിക്കാറുണ്ടായിരുന്നു. സന്തോഷവതിയും പ്രസരിപ്പുമുള്ള കുട്ടിയായിരുന്നു വിസ്മയ. വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോള്‍ വിസ്മയ മ്ലാനവതിയായി. സ്ത്രീധനത്തിന്റെ കാര്യം പറഞ്ഞ് ശാരീരികമായി ഉപദ്രവിക്കുന്നതും മാനസികമായി കുത്തിനോവിക്കുന്നതും നേരില്‍ പറയുകയും വാട്സാപ്പില്‍ സന്ദേശമായി അയയ്ക്കുകയും ചെയ്തിരുന്നു.
കാര്‍ ഇഷ്ടപ്പെട്ടില്ലെന്നു പറഞ്ഞ് ഓണ സമയത്ത് വഴിയില്‍ വെച്ച് വഴക്കുണ്ടായപ്പോള്‍ വിസ്മയ റോഡില്‍ ഇറങ്ങി നിന്നു. വിസ്മയ ‘ഞാനൊരു വേസ്റ്റാണോ ചേച്ചി’ എന്നു ചോദിച്ചതായും മൊഴി നല്‍കി. വിജിത്തിന്റെ വിവാഹത്തിന് കിരണ്‍ പങ്കെടുത്തില്ല. പിന്നീട് വിസ്മയ അനുഭവിച്ച എല്ലാ വിഷമങ്ങളും തുറന്നു പറഞ്ഞു. ഗള്‍ഫുകാരന്റെ മകളും മര്‍ച്ചന്റ് നേവിക്കാരന്റെ പെങ്ങളുമാണെന്ന് വിചാരിച്ചാണ് കല്യാണം കഴിച്ചതെന്ന് കിരണ്‍ പറയുമായിരുന്നു. പക്ഷേ, കിട്ടിയത് ഒരു പാട്ടക്കാറും വേസ്റ്റ് പെണ്ണുമാണെന്നും കിരണ്‍ പറഞ്ഞിരുന്നു.
മാനസികസമ്മര്‍ദം താങ്ങാനാകാതെ ആത്മഹത്യയുടെ ഘട്ടത്തിലാണെന്നു പറഞ്ഞപ്പോള്‍ നീ ചത്താല്‍ പാട്ടക്കാറും നിന്നേം സഹിക്കേണ്ടല്ലോ എന്ന് കിരണ്‍ പറഞ്ഞു.
ആയുര്‍വേദ കോഴ്സിനു പഠിക്കുന്ന ഒരു കുട്ടി സ്വന്തം വ്യക്തിത്വം കളഞ്ഞ് ഇങ്ങനെ കഴിയുന്നത് സഹിക്കാനാകാത്തതിനാല്‍ വിവരം താന്‍ ഭര്‍ത്താവ് വിജിത്തിനെയും മാതാപിതാക്കളെയും അറിയിച്ചു. കരയോഗത്തില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ചര്‍ച്ച ചെയ്യാനിരിക്കെ മാര്‍ച്ച് 17-ന് വിസ്മയയെ കിരണ്‍ കോളേജില്‍ നിന്ന് കൂട്ടിക്കൊണ്ടു പോയി. അതിനു ശേഷം വിസ്മയ തന്നോടുള്ള ബന്ധം കുറച്ചു. കിരണാണ് ഫോണില്‍ ബ്ലോക്ക് ചെയ്തത്. തന്റെ ഫോണും വിസ്മയയുടെ മെസേജുകളും രേവതി കോടതിയില്‍ തിരിച്ചറിഞ്ഞു. അയച്ച മെസേജുകളുടെ സ്‌ക്രീന്‍ഷോട്ട് വിസ്മയയുടെ മരണ ദിവസം തന്നെ മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നതായും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജിന്റെ വിസ്താരത്തില്‍ അവര്‍ പറഞ്ഞു. ഡോ. രേവതിയുടെ എതിര്‍ വിസ്താരം തിങ്കളാഴ്ച നടക്കും.