വിധി വന്ന് സെക്കന്റുകള്‍ക്കുള്ളില്‍ നന്ദി അറിയിച്ച് കുറിപ്പ് പുറത്തിറക്കണമെങ്കില്‍ അവരുടെ സ്വാധീനശക്തി എത്രത്തോളമായിരിക്കും: ജോമോന്‍ പുത്തന്‍പുരക്കല്‍

January 14, 2022
205
Views

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി വിധിയിലും വിധിക്ക് തൊട്ടുപിന്നാലെ ജലന്തര്‍ രൂപത നന്ദി അറിയിച്ച് കുറിപ്പ് പുറത്തുവിട്ടതിലും പ്രതികരിച്ച് പൊതുപ്രവര്‍ത്തകനും അഭയ കേസ് ആക്ഷന്‍ കൗണ്‍സില്‍ അംഗവുമായ ജോമോന്‍ പുത്തന്‍പുരക്കല്‍.

ബിഷപ്പിനെ വെറുതെ വിട്ടതിന് നന്ദി, എന്ന കുറിപ്പ് മുന്‍കൂട്ടി തയാറാക്കി വിധി വന്ന് സെക്കന്റുകള്‍ക്കുള്ളില്‍ റിലീസ് ചെയ്യണമെങ്കില്‍ അവരുടെ സ്വാധീനശക്തി എത്രത്തോളമായിരിക്കും എന്ന് ചിന്തിക്കേണ്ടതാണ് എന്നാണ് ജോമോന്‍ പുത്തന്‍പുരക്കല്‍ പറഞ്ഞത്. ”ഇവിടെ മാധ്യമങ്ങളടക്കം എല്ലാവരും പ്രതിക്ക് ശിക്ഷ കിട്ടും എന്ന് പറഞ്ഞിരുന്നപ്പോള്‍, ബിഷപ് ഫ്രാങ്കോ മുളക്കലിലെ വെറുതെ വിട്ടതിന് നന്ദി, സഹകരിച്ചതിന് നന്ദി എന്ന കുറിപ്പ് രൂപത മുന്‍കൂട്ടി തയാറാക്കി.

ഇന്നലെത്തന്നെ തയാറാക്കിയ കുറിപ്പ് ഇന്ന് രാവിലെ വിധി വന്ന് സെക്കന്റുകള്‍ക്കുള്ളില്‍ ജലന്തര്‍ രൂപതയുടെ പി.ആര്‍.ഒ ഡി.ടി.പി തയാറാക്കി ഔദ്യോഗിക ലെറ്റര്‍പാഡില്‍ റിലീസ് ചെയ്തു. ഇങ്ങനെ മുന്‍കൂട്ടി തയാറാക്കിയ റിലീസ് കയ്യിലിരിക്കുമ്പോള്‍ എന്താണ് നമ്മള്‍ ചിന്തിക്കേണ്ടത്. ഇവിടെ ഇവര്‍ക്ക് നേരത്തെ തന്നെ എല്ലാം ബോധ്യമായിരുന്നു.

ആ ബോധ്യം എങ്ങനെയാണ് അവര്‍ക്ക് വന്നത് എന്ന് നമ്മള്‍ ചിന്തിക്കേണ്ടതാണ്. അത് ഹൈക്കോടതിയില്‍ അപ്പീല്‍ കൊടുക്കുമ്പോള്‍ പ്രോസിക്യൂഷന്‍ ചിന്തിക്കേണ്ട കാര്യമാണ്. ഇത്രത്തോളം ഉറപ്പ് ഇവര്‍ക്കുണ്ടെങ്കില്‍ അവരുടെ സ്വാധീനശക്തി എത്രത്തോലം ഉണ്ടായിരിക്കും എന്ന് ചിന്തിക്കേണ്ടതാണ്,” ജോമോന്‍ പുത്തന്‍പുരക്കല്‍ പ്രതികരിച്ചു.

നേരത്തെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ട വിധിയില്‍ നന്ദി പറഞ്ഞ് ജലന്തര്‍ രൂപത പി.ആര്‍.ഒ ഫാദര്‍ പീറ്റര്‍ പ്രതികരിച്ചിരുന്നു. വിധിയില്‍ നന്ദി പറഞ്ഞ പീറ്റര്‍ കോടതിക്ക് സത്യം വെളിപ്പെട്ടു എന്ന കാര്യം ബോധ്യപ്പെട്ടെന്നും വിധി കയ്യില്‍ കിട്ടിയ ശേഷം അടുത്ത നടപടികളെക്കുറിച്ച് ആലോചിക്കുമെന്നും ഫാദര്‍ പീറ്റര്‍ പറഞ്ഞു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *