മുംബൈ: ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട മയക്കുമരുന്ന് കേസിലെ വിവാദ സാക്ഷി പ്രൈവറ്റ് ഡിക്റ്ററ്റീവ് കിരൺ ഗോസാവി പിടിയിൽ. ഗോസാവിയെ കസ്റ്റഡിയിലെടുത്തെന്ന് പൂനെ പൊലീസ് അറിയിച്ചു.
തൊഴിൽ തട്ടിപ്പ് കേസിൽ ലുക്കൗട്ട് നോട്ടീസ് ഇറക്കിയതിന് പിന്നാലെ ഗോസാവി ഒളിവിൽ പോവുകയായിരുന്നു. ആര്യൻ ഖാൻ കേസിലെ വിവാദ സാക്ഷിയായ ഇയാൾ, ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ഇടനില നിന്നുവെന്ന് മറ്റൊരു സാക്ഷി വെളിപ്പെടുത്തിയിരുന്നു. പിടിയിലാകുന്ന ദിവസം ആര്യനൊപ്പമുള്ള കിരണിന്റെ വീഡിയോകളടക്കം പുറത്ത് വന്നിരുന്നു.
ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന് കേസിൽ എൻസിബി വിജിലൻസ് സംഘം അന്വേഷണം തുടരുകയാണ്. വിവാദ വെളിപ്പെടുത്തൽ നടത്തിയ പ്രഭാകർ സെയ്ൽ അടക്കം ആര്യൻ കേസിലെ സാക്ഷികളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. കേസിൽ മുംബൈ പൊലീസിന്റെ അന്വേഷണവും തുടരുകയാണ്. ആരോപണത്തിൽ എൻസിബി സോണൽ ഡയറക്ടർ സമീർ വാംഗഡെയ്ക്കെതിരെയാണ് മുംബൈ പൊലീസ് അന്വേഷണം നടത്തുന്നത്. എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി.
അതേ സമയം ലഹരി മരുന്ന് കേസിൽ ആര്യൻഖാന്റെ ജാമ്യാപേക്ഷ ഇന്നും ബോബെ ഹൈക്കോടതിയിൽ തുടരും. ആര്യന്റെയും കൂട്ട് പ്രതികളുടേയും വാദമാണ് കഴിഞ്ഞ രണ്ട് ദിവസം നടന്നത്. ജാമ്യാപേക്ഷയെ എതിർത്ത് കൊണ്ട് എൻസിബി ഇന്നും വാദങ്ങൾ നിരത്തും. നവംബർ 1 മുതൽ 15 ദിവസം കോടതി ദീപാവലി അവധിയാണ്. അതുകൊണ്ട് മൂന്ന് ദിനത്തിനുള്ളിൽ ഒരു വിധി പറയണമെന്ന് ആര്യന്റെ അഭിഭാഷകർ അഭ്യർഥിച്ചു.