അര്‍ബുദ ചികിത്സാരംഗത്തെ അതികായന്‍ ഡോ. എം.കൃഷ്ണൻനായർ അന്തരിച്ചു

October 28, 2021
180
Views

തിരുവനന്തപുരം: പ്രശസ്ത അര്‍ബുദ ചികിത്സാ വിദഗ്ധന്‍ ഡോ. എം.കൃഷ്ണന്‍ നായര്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 81 വയസായിരുന്നു. തിരുവനന്തപുരത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.

റീജിയണല്‍ കാന്‍സര്‍ സെന്ററിന്റെ (ആര്‍സിസി) സ്ഥാപക ഡയറക്ടറാണ്. അര്‍ബുദ രോഗ ചികിത്സാ മേഖലയിലെ സംഭാവനകള്‍ക്ക് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. അര്‍ബുദ ചികിത്സാ രംഗത്തെ നൂതന മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച അദ്ദേഹം, ലോകാരോഗ്യ സംഘടനയുടെ കാന്‍സര്‍ ഉപദേശക സമിതി അംഗമായിരുന്നു.

1939ല്‍ പേരൂര്‍ക്കടയിലെ ചിറ്റലൂര്‍ കുടുംബത്തില്‍ മാധവന്‍ നായരുടേയും മീനാക്ഷിയമ്മയുടേയും മകനായാണ് കൃഷ്‌ണന്‍ നായര്‍ ജനിച്ചത്. 1963ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നും എംബിബിഎസ് ബിരുദം നേടിയ അദ്ദേഹം 1968ല്‍ ക്ലിനിക്കല്‍ ഓങ്കോളജിയില്‍ ബിരുദാനന്തര ബിരുദം നേടി. പിന്നീട് 1972 ല്‍ ലണ്ടനിലെ റോയല്‍ കോളേജ് ഓഫ് റേഡിയോളജിയില്‍ നിന്ന് ക്ലിനിക്കല്‍ ഓങ്കോളജിയിലും ബിരുദം നേടി.

ആര്‍സിസിയുടെ സ്ഥാപക ഡയറക്ടര്‍ എന്ന നിലയില്‍ അര്‍ബുദ ചികിത്സാ രംഗത്ത് വലിയ സംഭാവനകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച കാന്‍സര്‍ സെന്ററായി ആര്‍സിസിയെ ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചത് കൃഷ്ണന്‍ നായരാണ്. കമ്മ്യൂണിറ്റി ഓങ്കോളജി, പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍, പീഡിയാട്രിക് ഓങ്കോളജി തുടങ്ങിയവയില്‍ നിരവധി പദ്ധതികള്‍ അദ്ദേഹം നടപ്പിലാക്കി. ദേശീയ ക്യാന്‍സര്‍ നിയന്ത്രണ പദ്ധതി തയ്യാറാക്കുന്നതിലും അദ്ദേഹം വലിയ പങ്കുവഹിച്ചു.

ആശുപത്രി നാഥ്വാഹി കാന്‍സര്‍ അവാര്‍ഡ്, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയുടെ വിമല ഷാ അവാര്‍ഡ്, 1993 ലെ ഭീഷ്‌മാചാര്യ അവാര്‍ഡ്, ധന്വന്തരി ട്രസ്‌റ്റിന്റെ ചികില്‍സാരത്നം അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. വത്സലയാണ് ഭാര്യ. പരേതയായ മഞ്ജുവാണ് മകള്‍.

ഡോ. എം കൃഷ്ണന്‍ നായരുടെ നിര്യാണത്തില്‍ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അനുശോചിച്ചു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കാന്‍സര്‍ ചികിത്സാ – ഗവേഷണ സെന്ററുകളില്‍ ഒന്നായി തിരുവനന്തപുരം ആര്‍ സി സിയെ മാറ്റിയെടുക്കുന്നതില്‍ സ്ഥാപക ഡയറക്ടര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

Article Categories:
Health

Leave a Reply

Your email address will not be published. Required fields are marked *