കിഴക്കമ്പലത്ത് തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവം; കസ്റ്റ‍ഡിയിൽ ഉള്ള മുഴുവൻ പേരും പ്രതികളാകും

December 27, 2021
352
Views

കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് കിറ്റക്സിലെ അന്യസംസ്ഥാന തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ കസ്റ്റ‍ഡിയിൽ ഉള്ള മുഴുവൻ പേരും പ്രതികളാകും. അക്രമവുമായി ബന്ധപ്പെട്ട് ഇന്നലെ 156 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ 50പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ന് കൂടുതൽ അറസ്റ്റ് രേഖപ്പെടുത്തും. പ്രതികളെ ഇന്ന് കോതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ രണ്ട് ക്രിമിനൽ കേസുകളാണ് രജിസ്റ്റർ ചെയ്തത്. വധശ്രമത്തിനും പൊതുമുതൽ നശിപ്പിച്ചതിനും ആണ് അറസ്റ്റുമാണ് രേഖപ്പെടുത്തിയത്.

പ്രതികൾ 12ലക്ഷം രൂപയുടെ നഷ്ട്ടം ഉണ്ടാക്കി എന്നും പൊലീസ് പറയുന്നു. പൊലീസ് വാഹനങ്ങൾ തീകത്തിച്ചവരെയടക്കം ദൃശ്യങ്ങളുടെ സഹായത്തോടെയാണ് തിരിച്ചറിഞ്ഞത്. ഇതിനിടെ പെരുമ്പാവൂർ എ എസ് പിയുടെ നേതൃത്വത്തിൽ പത്തൊൻപതംഗ പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചു.

ഒരു രാത്രി മുഴുവൻ കിഴക്കമ്പലത്തെ മുൾമുനയിൽ നിർത്തിയായിരുന്നു അതിഥിത്തൊഴിലാളികൾ അഴിഞ്ഞാടിയത്. ക്രിസ്തുമസ് കരോൾ നടത്തുന്നതിനെച്ചൊല്ലി കിറ്റക്സിന്റെ ലേബർ കാമ്പിൽ തൊഴിലാളികൾ തമ്മിൽ തർക്കമായി. മദ്യലഹരിയിൽ വാക്കേറ്റം തമ്മിൽത്തല്ലിൽ എത്തി. കയ്യാങ്കളി റോഡിലേക്ക് നീണ്ടതോടെയാണ് നാട്ടുകാർ പൊലീസിനെ അറിയിച്ചത്. പൊലീസെത്തിയിതോടെ തൊഴിലാളികൾ അവർക്കെതിരെ തിരിഞ്ഞു. കുന്നത്തുനാട് ഇൻസ്പെക്ടർ അടക്കമുളളവരെ കല്ലെറിഞ്ഞും മറ്റും ആക്രമിച്ചു. ഒടുവിൽ പൊലീസ് വാഹനം ഉപേക്ഷിച്ച് ഉദ്യോഗസ്ഥർക്ക് രക്ഷപെടേണ്ടിവന്നു.

ഒരു പൊലീസ് വാഹനം കത്തിക്കുകയും രണ്ടെണ്ണം അടിച്ചു തകർക്കുകയും ചെയ്തു. തുടർന്ന് റൂറൽ എസ്പി അടക്കമുളളവ‍ സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. തൊഴിലാളികളുടെ താമസസ്ഥലത്തടക്കം പരിശോധന നടത്തിയാണ് നൂറ്റിയൻപത്തിയാറ് പേരെ കസ്റ്റിഡിയിൽ എടുത്തത്. തുടർന്ന് വീഡിയോ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് അക്രമികളെ തിരിച്ചറിഞ്ഞത്.

കൂടുതൽ പേരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. സംഭവത്തിൽ പരിക്കേറ്റ കുന്നത്തുനാട് ഇൻസ്പെക്ടർ അടക്കം അഞ്ച് പൊലീസുദ്യോഗസ്ഥർ ചികിത്സയിലാണ്. വാഹനം കത്തിച്ചവരെയടക്കം പിടികൂടി പൊലീസിൽ ഏൽപിച്ചത് കിറ്റെക്സ് ജീവനക്കാർ തന്നെയാണെന്നും അന്വേഷണത്തോട് പൂർണമായി സഹയകരിക്കുമെന്നും കിറ്റെക്സ് എം ഡി സാബു എം ജേക്കബ് അറിയിച്ചു.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *