കൊച്ചി മെട്രോ മാര്‍ച്ച് 8,9 തീയതികളില്‍ സര്‍വ്വീസുകള്‍ ദീര്‍ഘിപ്പിക്കും.
കൊച്ചി: കൊച്ചി മെട്രോ മാര്‍ച്ച് 8,9 തീയതികളില്‍ സര്‍വ്വീസുകള്‍ ദീര്‍ഘിപ്പിക്കും. ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ബലിതര്‍പ്പണത്തിന് എത്തുന്നവര്‍ക്കായാണ് സര്‍വ്വീസുകളില്‍ മാറ്റം.
ആലുവയില്‍ നിന്നും തൃപ്പൂണിത്തുറ ടെര്‍മിനലില്‍ നിന്നും മാര്‍ച്ച് എട്ട്,വെള്ളിയാഴ്‌ച്ച രാത്രി 11.30 വരെ ട്രെയിന്‍ സര്‍വ്വീസ് ഉണ്ടായിരിക്കുന്നതാണ്. രാത്രി 10.30ന് ശേഷം 30 മിനിറ്റ് ഇടവേളകളിലായിരിക്കും സര്‍വ്വീസ്.
മാര്‍ച്ച് 9ന് പുലര്‍ച്ചെ 4.30 മുതല്‍ കൊച്ചി മെട്രോ സര്‍വ്വീസ് ആരംഭിക്കും. പുലര്‍ച്ചെ 4.30 മുതല്‍ രാവിലെ 6 മണിവരെ 30 മിനിറ്റ് ഇടവിട്ടാണ് ട്രെയിന്‍ സര്‍വ്വീസ്.
ബലിതര്‍പ്പണത്തിന് എത്തുന്നവര്‍ക്ക് മാത്രമല്ല, അന്നേദിവസം നടക്കുന്ന യു.പി.എസ്.സി പരീക്ഷ എഴുതാന്‍ എത്തുന്നവര്‍ക്കും പുതുക്കിയ ട്രെയിന്‍ സമയക്രമം ഉപകാരപ്പെടുമെന്നും കെഎംആര്‍എല്‍ അറിയിച്ചു.
അതേസമയം, കൊച്ചി മെട്രോയുടെ ഒന്നാംഘട്ടത്തിലെ അവസാന സ്‌റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. ഓണ്‍ലൈൻ ആയാണ് പ്രധാനമന്ത്രി മെട്രോ ഫ്ലാഗ് ഓഫ് ചെയ്തത്.
ആലുവയില്‍ നിന്ന് തുടങ്ങി 24 സ്‌റ്റേഷനുകള്‍ പിന്നിട്ട് 25ആംമത്തേയും ഒന്നാംഘട്ടത്തിലെ ഒടുവിലത്തേതുമായ മെട്രോ സ്‌റ്റേഷനാണ് തൃപ്പൂണിത്തുറ. ഇതോടെ കൊച്ചി മെട്രോയുടെ ഒന്നാംഘട്ടത്തിലെ 28 കിലോമീറ്റർ ദൂരവും പൂർത്തിയായി. ഡിസംബർ ഏഴ് മുതല്‍ കൊച്ചി മെട്രോ എസ്‌എൻ ജങ്ഷൻ മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള പരീക്ഷണ ഓട്ടം ആരംഭിച്ചിരുന്നു.
തൃപ്പൂണിത്തുറ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് നടന്നുപോകാനുള്ള അകലത്തിലാണ് മെട്രോ സ്‌റ്റേഷൻ ഉള്ളത്. ഇത് കൊച്ചി മെട്രോയുടെ പ്രതീക്ഷകള്‍ വർധിപ്പിക്കും. തൃപ്പൂണിത്തുറയിലേക്കുള്ള സ്‌ഥിരം സർവീസ് ആരംഭിക്കുന്നതോടെ നഗരത്തിലേക്ക് യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വർധനയാണ് കണക്കാക്കുന്നത്. ആലുവ മുതല്‍ തൃപ്പൂണിത്തുറ ടെർമിനല്‍ വരെ 75 രൂപയാണ് ടിക്കറ്റ് നിരക്ക്.