പിണറായി നവോത്ഥാന നായകനെങ്കില്‍ മകളെ പട്ടിക ജാതിക്കാരന് കെട്ടിച്ചു കൊടുക്കണമായിരുന്നു; വിവാദ പ്രസംഗവുമായി കൊടിക്കുന്നില്‍ സുരേഷ്‍

August 28, 2021
211
Views

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിവാദ പ്രസംഗവുമായി കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി. മുഖ്യമന്ത്രി നവോത്ഥാനനായകനെങ്കില്‍ മകളെ പട്ടിക ജാതിക്കാരന് കെട്ടിച്ചു കൊടുക്കണമായിരുന്നു എന്നാണ് കൊടിക്കുന്നില്‍ പറഞ്ഞത്. അയ്യങ്കാളി ജന്‍മദിനത്തില്‍ എസ്.സി എസ്.ടി ഫണ്ട് തട്ടിപ്പില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദലിത് -ആദിവാസി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം വെള്ളയമ്ബലത്ത് നടക്കുന്ന സത്യാഗ്രഹ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മില്‍ എത്രയോ നല്ല പട്ടികജാതിക്കാരായ ചെറുപ്പക്കാര്‍ ഉണ്ടെന്നും അവര്‍ക്കൊന്നും മകളെ കെട്ടിച്ചു കൊടുത്തില്ലല്ലോ എന്നു കൊടുക്കുന്നില്‍ പറഞ്ഞു.പിണറായി വിജയന്റെ നവോത്ഥാന പ്രസംഗം തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലക്ക് ശേഷം അദ്ദേഹം നവോത്ഥാന നായകനായി. എന്ത് നവോത്ഥാനം, നവോത്ഥാന നായകനായിരുന്നു എങ്കില്‍ അദ്ദേഹം മകളെ ഒരു പട്ടിക ജാതിക്കാരന് കെട്ടിച്ച്‌ കൊടുക്കണമായിരുന്നു. അതേസമയം, പട്ടിക ജാതിക്കാരനായ മന്ത്രിയെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തന്റെ മനസാക്ഷി സൂക്ഷിപ്പുകാരനെ നിയമിച്ചെന്നും കൊടിക്കുന്നില്‍ ആരോപിച്ചു.

മറ്റു മന്ത്രിമാരുടെ ഓഫീസുകളില്‍ അത്തരം നിയന്ത്രണം ഇല്ല. രണ്ടാം പിണറായി സര്‍ക്കാറില്‍ കെ. രാധാകൃഷ്ണനെ ദേവസ്വം മന്ത്രിയാക്കി നിയമിച്ചത് വലിയ നവോത്ഥാനമാക്കി ഉയര്‍ത്തിക്കാട്ടി. സംസ്ഥാനത്തെ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ വലിയ തോതില്‍ പീഡിപ്പിക്കപ്പെട്ട കാലമായിരുന്നു ഒന്നാം പിണറായി സര്‍ക്കാറിന്റേത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രസംഗം വിവാദമായെങ്കിലും പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നെന്ന് കൊടിക്കുന്നില്‍ ആവര്‍ത്തിച്ചു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *