കോട്ടയം മെഡിക്കൽ കോളേജിൽ നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോയി: ഒരുമണിക്കൂറിനകം കുഞ്ഞിനെ കണ്ടെത്തി

January 6, 2022
124
Views

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വാർഡിൽ നിന്നും നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോയി. സംഭവം പുറത്തറിഞ്ഞ് ഒരുമണിക്കൂറിനകം കുഞ്ഞിനെ ആശുപത്രിക്ക് സമീപമുള്ള ഹോട്ടലിന് സമീപത്തുനിന്ന് കണ്ടെത്തുകയും ചെയ്തു.

വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ ആശുപത്രി ജീവനക്കാരിയുടെ വേഷത്തിലെത്തിയ സ്ത്രീയാണ് മൂന്ന് ദിവസം മാത്രം പ്രായമുള്ള കുട്ടിയെ കടത്തിക്കൊണ്ടുപോയതെന്നാണ് പ്രാഥമിക നിഗമനം.

സംഭവം പുറത്തറിഞ്ഞതോടെ പോലീസ് ആശുപത്രി പരിസരത്തും മറ്റും അന്വേഷണം വ്യാപകമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ആശുപത്രിക്ക് സമീപത്തുള്ള ഹോട്ടലിന് മുന്നിൽനിന്ന് കുട്ടിയെ കണ്ടെത്തിയത്. ഉടൻ പോലീസ് കുട്ടിയെ തിരികെ ആശുപത്രിയിലേക്ക് മാറ്റി.

വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് കുഞ്ഞിനെ ചോദിച്ചുകൊണ്ട് ഗൈനക്കോളജി വാർഡിൽ നഴ്സിന്റെ വസ്ത്രം ധരിച്ച് ഒരു സ്ത്രീ എത്തിയത്. കുട്ടിക്ക് ചില പ്രശ്നങ്ങളുണ്ടെന്നും ഡോക്ടർ പരിശോധിക്കണമെന്നും അറിയിച്ചാണ് കുട്ടിയുടെ അമ്മയിൽ നിന്നും ഇവർ കുഞ്ഞിനെ വാങ്ങിയത്. തുടർന്ന് ഈ സ്ത്രീ ആശുപത്രിക്ക് പുറത്തേക്ക് പോവുകയായിരുന്നു.

ഏറെനേരം കഴിഞ്ഞിട്ടും കുഞ്ഞിനെ കാണാതായതോടെയാണ് കുട്ടിയുടെ അമ്മ നഴ്സിങ് സ്റ്റേഷനിലെത്തി കാര്യങ്ങൾ തിരക്കിയപ്പോൾ നഴ്സുമാരാരും കുഞ്ഞിനെ ആവശ്യപ്പെട്ട് ചെന്നിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്. ഇതോടെ പരിഭ്രാന്തരായ കുഞ്ഞിന്റെ അമ്മയും ബന്ധുക്കളും ബഹളം വയ്ക്കുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.

ഇളം റോസ് നിറത്തിലുള്ള ചുരിദാർ ധരിച്ച സ്ത്രീ കുട്ടിയേയും എടുത്ത് ആശുപത്രിക്ക് പുറത്തേക്ക് പോകുന്ന ദൃശ്യങ്ങൾ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. ഈ സ്ത്രീം ഇതിനുമുമ്പും വേഷംമാറി ആശുപത്രി പരിസരത്ത് വന്നിട്ടുണ്ടെന്ന് ആശുപത്രി അധികൃതരും സമീപമുള്ള ദൃക്സാക്ഷികളും പറഞ്ഞു. അതേസമയം ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *