കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ സുരക്ഷാജീവനക്കാരൻ സ്ത്രീയുടെ മുഖത്തടിച്ചെന്ന് പരാതി

January 19, 2022
109
Views

കോഴിക്കോട്: സുരക്ഷാജീവനക്കാരൻ സ്ത്രീയുടെ മുഖത്തടിച്ചെന്ന് പരാതി. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. വയനാട് സുൽത്താൻ ബത്തേരി സ്വദേശി സക്കീനയ്ക്കാണ് മർദനമേറ്റത്.

മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിനകത്തേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചത്. മകന്റെ കുട്ടിയെയും അമ്മയെയും ഡോക്ടറെ കാണിക്കാനായാണ് സക്കീന മെഡിക്കൽ കോളേജിൽ എത്തിയത്. അമ്മയെ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിൽ കാണിച്ചശേഷം മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ എത്തി.

ഇവിടെവെച്ചാണ് സുരക്ഷാ ജീവനക്കാരൻ കൂടുതൽപേരെ അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് പറഞ്ഞത്. പിന്നാലെ തന്നെ പിടിച്ച് തള്ളിയെന്നാണ് സക്കീനയുടെ ആരോപണം. ഇത് മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചതോടെ സുരക്ഷാ ജീവനക്കാരൻ സക്കീനയുടെ മുഖത്തടിക്കുകയായിരുന്നു.

കൈമടക്കി മുഖത്ത് രണ്ട് തവണ കുത്തിയെന്നാണ് സക്കീന പറയുന്നത്. സംഭവസമയത്ത് വനിതാ സുരക്ഷാജീവനക്കാർ ഇല്ലായിരുന്നുവെന്നും സുരക്ഷാ ജീവനക്കാരനെതിരേ മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഇവർ പറഞ്ഞു.

സ്ത്രീയെ മർദിച്ച വിവരമറിഞ്ഞ് ഒട്ടേറെപേരാണ് മെഡിക്കൽകോളേജ് പരിസരത്ത് തടിച്ചുകൂടിയത്. സുരക്ഷാജീവനക്കാർ മോശമായി പെരുമാറുന്നത് പതിവാണെന്നും സുരക്ഷാജീവനക്കാർക്കെതിരേ നേരത്തെയും പരാതികളുണ്ടായിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *