ദക്ഷിണാഫ്രിക്ക-ഇന്ത്യ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം

January 19, 2022
92
Views

ദക്ഷിണാഫ്രിക്ക-ഇന്ത്യ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. പാളിലെ ബോളണ്ട് പാർക്കിൽ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2 മണിക്കാണ് മത്സരം ആരംഭിക്കുക. വിരാട് കോലിക്ക് പകരം ക്യാപ്റ്റനായി നിയമിക്കപ്പെട്ട രോഹിത് ശർമ്മ പരുക്കേറ്റ് പുറത്തായതിനാൽ വൈസ് ക്യാപ്റ്റൻ ലോകേഷ് രാഹുലാണ് ഇന്ത്യൻ ടീമിനെ നയിക്കുക.ലോകേഷ് രാഹുൽ, ശിഖർ ധവാൻ, ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്ക്‌വാദ്, വെങ്കടേഷ് അയ്യർ എന്നീ അഞ്ച് ഓപ്പണർമാരുമായാണ് ഇന്ത്യയുടെ വരവ്. ഇതിൽ രണ്ട് പേർക്കേ ടീമിൽ ഇടം ലഭിക്കൂ. താൻ ഓപ്പൺ ചെയ്യുമെന്ന് രാഹുൽ അറിയിച്ചതിനാൽ ബാക്കിയുള്ള നാല് പേരിൽ ഒരാൾക്ക് നറുക്ക് വീഴും. സ്വാഭാവികമായും അത് ധവാൻ ആവാനാണ് സാധ്യത. വെങ്കടേഷ് അയ്യർ മധ്യനിരയിൽ കളിക്കും. ഗെയ്ക്‌വാദ്, കിഷൻ എന്നിവർ പുറത്തിരിക്കും. മധ്യനിരയിൽ ശ്രേയാസോ സൂര്യകുമാർ യാദവോ എന്നത് ടീം മാനേജ്മെൻ്റിനു തലവേദനയാണ്. എങ്കിലും സീനിയോരിറ്റി പരിഗണിച്ച് ശ്രേയാസ് തന്നെ കളിക്കാൻ സാധ്യതയുണ്ട്.

സ്പിൻ പിച്ച് ആയതിനാൽ ചഹാലും അശ്വിനും കളിക്കും. ബുംറയും ഭുവിയുമാവും പേസർമാർ. ബൗളിംഗ് ഓൾറൗണ്ടർ എന്ന മികവ് ശർദ്ദുൽ താക്കൂറിന് ടീമിൽ ഇടം ലഭിക്കാനുള്ള സാധ്യതയുണ്ട്. വെങ്കടേഷിനെ സ്പെൽ മുഴുവൻ ഉപയോഗിക്കാൻ പദ്ധതിയുണ്ടെങ്കിൽ ശ്രേയാസും സൂര്യയും കളിക്കും. പക്ഷേ, അതിനുള്ള സാധ്യത കുറവാണ്. രാഹുൽ റിസ്കെടുക്കാൻ ആഗ്രഹിക്കാത്ത ക്യാപ്റ്റനാണ്.അതേസമയം, ദക്ഷിണാഫ്രിക്കൻ നിരയെ ടെംബ ബാവുമയാവും നയിക്കുക. നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ബാവുമ പ്രോട്ടീസ് ടീമിൽ ഇടംപിടിച്ചത്. ഡികോക്ക്, ജന്നെമൻ മലൻ എന്നിവർ ഓപ്പൺ ചെയുമ്പോൾ ബാവുമ, റസ്സി വാൻ ഡർ ഡസ്സൻ, ഡേവിഡ് മില്ലർ എന്നിവർ മധ്യനിരയിൽ കളിക്കും. കേശവ് മഹരാജ്, തബ്രൈസ് ഷംസി എന്നീ സ്പിന്നർമാർ ടീമിൽ ഇടം നേടിയേക്കും. എങ്കിഡിക്കൊപ്പം ആൻഡൈൽ ഫെഹ്‌ലുക്‌വായോ, സിസാണ്ട മഗാല എന്നീ താരങ്ങളാവും പേസർമാർ. വെയിൻ പാർനൽ ബൗളിംഗ് ഓൾറൗണ്ടറായി കളിക്കും.

Article Categories:
Sports

Leave a Reply

Your email address will not be published. Required fields are marked *