തൃശൂർ: കെഎസ്ആർടിസി ബസില്‍ ഭാര്യയുമായി വഴക്കിട്ടതിനെ തുടർന്ന് ജനലിലൂടെ റോഡിലേക്ക് ചാടിയ യുവാവിന്റെ കാലൊടിഞ്ഞു.
സാരമായി പരിക്കേറ്റ വൈക്കം ഇടയാഴം സ്വദേശിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് 4.30-നാണ് സംഭവം. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസില്‍ നാട്ടകത്തിന് സമീപമാണ് സംഭവം
ചങ്ങനാശ്ശേരിമുതല്‍ ഇയാളും ഭാര്യയും തമ്മില്‍ വാക്കുതർക്കം ഉണ്ടായിരുന്നതായി ബസിനുള്ളിലുണ്ടായിരുന്ന യാത്രക്കാർ പറയുന്നു. നാട്ടകം മറിയപ്പള്ളി ഭാഗം എത്തിയപ്പോള്‍ ബസിനുള്ളില്‍നിന്ന് ഇറങ്ങണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു.എന്നാല്‍, കെഎസ്ആർടിസി സ്റ്റാൻഡില്‍ ഇറക്കാമെന്ന് ബസ് ജീവനക്കാർ അറിയിച്ചു. ഇതിനിടെ ഇയാള്‍ ബസിന്റെ ജനലിലൂടെ റോഡിലേക്ക് ചാടുകയായിരുന്നു. ഡ്രൈവർ ബസ് നിർത്തി. 108 ആംബുലൻസ് വിളിച്ചുവരുത്തി ഭാര്യതന്നെയാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ഇടത് കാലിന് ഒടിവ് സംഭവിച്ച ഇയാള്‍ നിലവില്‍ തീവ്രപരിചരണവിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. ആരോഗ്യനില തൃപ്തികരമാണ്. സ്കാനിംഗ് കൂടി നടത്തിയശേഷം തുടർ ചികിത്സ നിശ്ചയിക്കും. വാഹനത്തില്‍നിന്നുള്ള അപകടമായതിനാല്‍ പ്രാഥമിക വിവരശേഖരണം നടത്തുമെന്ന് ഗാന്ധിനഗർ പൊലീസ് പറഞ്ഞു. പരാതിയുണ്ടെങ്കിലേ കേസെടുത്ത് അന്വേഷണം നടത്തൂ. നിലവില്‍ ആരും പരാതിപ്പെട്ടിട്ടില്ലെന്നും പൊലീസ് അറിയിച്ചു.