സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ക്ക് വേഗംകുറവെന്ന പരാതിക്ക് പരിഹാരം.
സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ക്ക് വേഗംകുറവെന്ന പരാതിക്ക് പരിഹാരം. വേഗം മണിക്കൂറില്‍ 80 കിലോമീറ്ററാക്കി.
പൊതുഗതാഗതവാഹനങ്ങളുടെ വേഗപരിധി സര്‍ക്കാര്‍ ഉയര്‍ത്തിയതിനെത്തുടര്‍ന്നാണ് തീരുമാനം. കേന്ദ്രനിയമത്തിനനുസൃതമായി സംസ്ഥാനത്തെ വിവിധ നിരത്തുകളില്‍ വാഹനങ്ങളുടെ വേഗം പുനര്‍നിശ്ചയിക്കാൻ മന്ത്രി ആന്റണിരാജു വിളിച്ച ഉന്നതോദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമായിരുന്നു. തുടര്‍ന്നാണ് വേഗപരിധി പുതുക്കി സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.
നിലവില്‍ സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ക്ക് മണിക്കൂറില്‍ 60 കിലോമീറ്ററായിരുന്നു വേഗം. പുതുക്കിയ വിജ്ഞാപനപ്രകാരം കേരളത്തിലെ ചില റോഡുകളില്‍ 95 കിലോമീറ്റര്‍വരെ വേഗപരിധിയുണ്ടെങ്കിലും സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റ് ബസുകളുടെ വേഗം 80 കിലോമീറ്ററായി പരിമിതപ്പെടുത്തുകയായിരുന്നു. അന്തസ്സംസ്ഥാന സര്‍വീസുകള്‍ നടത്തുന്ന ഗജരാജ് എ.സി. സ്ലീപ്പര്‍ തുടങ്ങിയ ബസുകളിലെ വേഗം 95 ആയി ക്രമീകരിച്ചു.
‘സ്വിഫ്റ്റിന്റെ സര്‍വീസുകളുടെ തുടക്കത്തില്‍ ഹ്രസ്വദൂരബസുകള്‍ ഓടിച്ചിരുന്ന ജീവനക്കാര്‍ക്ക് ദീര്‍ഘദൂര റൂട്ടുകളില്‍ അനുഭവപരിജ്ഞാനം കുറവായിരുന്നു. അതിനാല്‍ അപകടങ്ങളില്‍പ്പെടുന്നതുകൂടി കണക്കിലെടുത്താണ് പുതിയതായി സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ നിരത്തിലിറക്കിയപ്പോള്‍ വേഗപരിധി കുറച്ചത്. ഇപ്പോള്‍ ജീവനക്കാര്‍ പരിചയസമ്ബന്നരാണ്’-മാനേജ്മെന്റ് പറയുന്നു.
കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്കെല്ലാം പരമാവധി 60 കിലോമീറ്റര്‍ വേഗപരിധിയാണ് നിജയപ്പെടുത്തിയിരുന്നത്. ബസില്‍ നല്‍കിയിരുന്ന വേഗപ്പൂട്ട് ഇതിനപ്പുറം വേഗമെടുക്കാൻ അനുവദിക്കുമായിരുന്നില്ല. ദേശീയപാതയില്‍ പണികള്‍ നടക്കുന്നതിനാല്‍ നിലവില്‍ അനുവദനീയമായ വേഗത്തില്‍പ്പോലും ഓടാനാകാത്ത സാഹചര്യമാണെന്ന് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ അഭിപ്രായപ്പെടുന്നുണ്ട്.