ലഖിംപുർ സംഭവം തികച്ചും അപലപനീയം; സമാനമായ സംഭവങ്ങൾ മറ്റു വിവിധ ഭാഗങ്ങളിലും നടക്കുന്നുണ്ട്: നിർമലാ സീതാരാമൻ

October 13, 2021
184
Views

ബോസ്റ്റൺ: നാല് കർഷകർ കൊല്ലപ്പെട്ട ലഖിംപുർ സംഭവം തികച്ചും അപലപനീയമാണെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. യുഎസിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ധനമന്ത്രി ഹാർവാർഡ് കെന്നഡി സ്കൂളിൽ വിദ്യാർഥികളുമായി ആശയവിനിമയം നടത്തവെയാണ് ഇതുമായി ബന്ധപ്പെട്ട ചോദ്യം ഉയർന്നത്.

എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുതിർന്ന മന്ത്രിമാരും ലഖിംപുർ സംഘർഷത്തെ കുറിച്ച് മൗനം തുടരുന്നതെന്നും ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ എന്തുകൊണ്ടാണ് പ്രതിരോധത്തിലാവുന്നതെന്നും മന്ത്രിയോട് ചോദ്യങ്ങളുയർന്നു.

‘തീർച്ചയായും അങ്ങനെ ഇല്ല. ഇത്തരമൊരു അപലപനീയമായ സംഭവത്തെക്കുറിച്ചുള്ള ചോദ്യം തിരഞ്ഞെടുത്തത് സന്തോഷകരമാണ്. സമാനമായ സംഭവങ്ങൾ മറ്റു വിവിധ ഭാഗങ്ങളിലും നടക്കുന്നുണ്ട്. അതിലും എനിക്ക് ആശങ്കയുണ്ട്’ നിർമല സീതാരാമൻ പ്രതികരിച്ചു.

അത്തരം സംഭവങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകാറുണ്ട്. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോഴെല്ലാം നിങ്ങളും ഇന്ത്യയെ അറിയാവുന്ന ഡോ.അമർത്യാസെൻ ഉൾപ്പടെയുള്ളവരും അത് ഉയർത്തിക്കാട്ടുമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ ആവശ്യാർഥം മാത്രമല്ല ഉയർത്തേണ്ടത്. കാരണം ബിജെപി അധികാരത്തിലിരിക്കുന്ന ഒരു സംസ്ഥാനമാണത്. ശരിയായ നീതി ലഭ്യമാക്കാനുള്ള അന്വേഷണപ്രക്രിയ തന്നെ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

‘ഇത് തന്റെ പാർട്ടിയെയോ പ്രധാനമന്ത്രിയെയോ പ്രതിരോധിക്കുന്നതല്ല. ഇന്ത്യയെ പ്രതിരോധിക്കുന്നതാണ്. ഞാൻ ഇന്ത്യയ്ക്ക് വേണ്ടി സംസാരിക്കും. പാവപ്പെട്ടവരുടെ നീതിക്ക് വേണ്ടി സംസാരിക്കും. അതിൽ ഞാൻ പരിഹസിക്കപ്പെടില്ല. പരിഹസിക്കുകയാണെങ്കിൽ സോറി, നമുക്ക് വസ്തുതകളെ കുറിച്ച് സംസാരിക്കാം. അതാണ് നിങ്ങൾക്കുള്ള ഉത്തരം’ നിർമല പറഞ്ഞു.

സർക്കാർ പാസാക്കിയ പുതിയ മൂന്ന് കാർഷിക നിയമങ്ങൾ ഒരു ദശകത്തിലേറെ വിവിധ പാർലമെന്ററി കമ്മിറ്റികൾ ചർച്ച ചെയ്തിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

Article Categories:
India · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *