കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക നടന്‍ ദിലീപിന് അനുകൂലമായി ഇടപെട്ട ഉന്നതന്‍ അന്നത്തെ സംസ്ഥാന പൊലീസ് മേധാവിയായിരുന്ന ലോക്നാഥ് ബെഹ്റയായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍.
റിപ്പോര്‍ട്ടര്‍ ടിവിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ലോക്‌നാഥ് ബെഹ്‌റയുടേയും ഐജി ദിനേന്ദ്ര കശ്യപിന്റെയും ഇടപെടല്‍ തെളിയിക്കുന്ന ശബ്ദരേഖയാണ് പുറത്തായിരിക്കുന്നത്. കേസന്വേഷണ സമയത്ത് ദിലീപും ലോക്നാഥ് ബഹ്റയും നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടതായ രേഖകളും പുറത്തുവന്നിട്ടുണ്ട്. ഈ കേസില്‍ ദിലീപിന്റെ അറസ്റ്റിന് മുന്നോടിയായി 22 തവണ ബഹ്റ ദിലീപിനെ വിളിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടര്‍ ടിവി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്നലെ റിപ്പോര്‍ട്ടര്‍ ടിവി പുറത്തുവിട്ട ഈ വാര്‍ത്തയോട് ലോക്നാഥ് ബെഹ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കേസ് അട്ടിമറിക്കപ്പെട്ടത് ഉന്നത ഉദ്യോഗസ്ഥന്‍ ദിനേന്ദ്ര കശ്യപിന്റെ നിര്‍ദേശത്തെ തുടര്‍ന്നെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ബാബു കുമാര്‍ വെളിപ്പെടുത്തിയതായി റിപോര്‍ട്ട് ചെയ്യുന്നു. കശ്യപിനുള്ള നിര്‍ദേശങ്ങള്‍ മറ്റാരെങ്കിലുമായിരിക്കാം നല്‍കിയതെന്നും ബാബു കുമാര്‍ പറഞ്ഞു. ഒരു ഐജി മുഖേന മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ കേസില്‍ ഇടപെട്ടിരുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് വെളിപ്പെടുത്തല്‍.
കേസന്വേഷണ സമയത്ത് ദിലീപിന്റെ വക്കീലിന്റെ വീട്ടില്‍ റെയ്ഡ് നടക്കുന്നതില്‍ താമസം വന്നത് മേലുദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരമാണ്. ദിനേന്ദ്ര കശ്യപ് ആയിരുന്നു അന്നത്തെ ഐജി. അദ്ദേഹമാണ് നമുക്ക് നേരിട്ട് നിര്‍ദേശങ്ങള്‍ നല്‍കുന്നത്. അതനുസരിച്ചാണ് നീങ്ങിയത്. മറ്റെവിടെ നിന്നെങ്കിലുമുള്ള നിര്‍ദേശപ്രകാരം ആയിരിക്കാം കേശ്യപ് സര്‍ ഞങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതെന്നായിരുന്നു ബാബു കുമാര്‍ പ്രതികരിച്ചു.
ദിലീപിന്റെ അഭിഭാഷകന്റെ വീട്ടിലെ റെയ്ഡ് വൈകിപ്പിച്ചത് സംസ്ഥാന മുന്‍ പോലീസ് മേധാവിയുടെ ഇടപെടല്‍ ആണെന്നാണ് ഈ ശബ്ദ സന്ദേശത്തില്‍ നിന്നും വ്യക്തമാക്കുന്നത്. ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശ പ്രകാരം ക്രൈംബ്രാഞ്ച് ഐജിയായിരുന്ന ദിനേന്ദ്ര കശ്യപാണ് ഇതിന് നിര്‍ദേശം നല്‍കിയത്. കേസിലെ അന്വേഷണ സംഘത്തിന്റെ മേധാവിയായ ബി സന്ധ്യ പോലും അറിയാതെയാണ് കശ്യപുമായി ലോക്‌നാഥ് ബെഹ്‌റ ഇടപെട്ടതെന്നാണ് കണ്ടെത്തല്‍.
അതിനിടെ, നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ദിലീപ് അടക്കം 5 പ്രതികളാണ് ഹൈകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബൈജു പൗലോസ് തന്നോടുള്ള പ്രതികാരത്തിന്‍റെ ഭാഗമായാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നാണ് ദിലീപിന്റെ വാദം. ഭീഷണി കേസ് പൊലീസിന്‍റെ കള്ളകഥ ആണെന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ദിലീപിനെ ചോദ്യം ചെയ്ത് തെളിവ് ശേഖരിക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘം കോടതിയെ ബോധിപ്പിക്കും.
ദിലീപിന് പുറമെ സഹോദരന്‍ അനൂപ്. സഹോദരി ഭര്‍ത്താവ് ടി.എന്‍ സൂരജ്. ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും ഹര്‍ജി നല്‍കിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷികള്‍ ദുര്‍ബലമായ സാഹചര്യത്തിലാണ് ഈ നടപടിയുണ്ടായതെന്നാണ് ദിലീപിന്‍റെ ഹര്‍ജിയിലെ പ്രധാന ആരോപണം. ജസ്റ്റിസ് പി.ഗോപിനാഥാണ് ഹര്‍ജി പരിഗണിക്കുന്നത്.
അതേസമയം ദിലീപിന്‍റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ഫോണുകളുടെയും പെന്‍ ഡ്രൈവുകളുടെയും ശാസ്ത്രീയ പരിശോധന ഉടന്‍ നടത്തും. സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് അന്വേഷണ സംഘം കഴിഞ്ഞ ദിവസം ദിലീപിന്‍റെ വീട്ടിലും സ്ഥാപനത്തിലും പരിശോധന നടത്തിയത്. കേസുമായി ബന്ധപ്പെട്ട മറ്റു വിശദാംശങ്ങള്‍ കൂടി ലഭിക്കുമോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
ദീലീപിന്‍റെ പേഴ്സണല്‍ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ മൂന്ന് ഫോണുകളാണ് റെയ്ഡില്‍ അന്വേഷണ സംഘം പിടിച്ചെടുത്തത്. രണ്ട് പെന്‍ഡ്രൈവുകളും രണ്ട് ഐപാഡുകളും ഹാര്‍ഡ് ഡിസ്കും സംഘം കൊണ്ടുപോയിട്ടുണ്ട്. ബാലചന്ദ്രകുമാറിന്‍റെ മൊഴിയില്‍ പറഞ്ഞ പ്രകാരമുള്ള വിവരങ്ങള്‍ ഈ ഉപകരണങ്ങളില്‍ നിന്ന് കണ്ടെത്താനാകുമോ എന്നാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. നടിയെ ആക്രമിച്ചതിന്‍റെ ദൃശ്യങ്ങള്‍ ദിലീപ് വീട്ടില്‍ വെച്ച് കണ്ടിട്ടുണ്ടെന്നായിരുന്നു ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തല്‍. അതാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുക.
അതിന് പുറമെ ഡിജിറ്റല്‍ തെളിവുകളും പരിശോധിക്കും. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന ബാലചന്ദ്രകുമാറിന്‍റെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കുന്നത്. ഇന്ന് ഹൈക്കോടതിയില്‍ ദിലീപിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്ബോള്‍ ക്രൈംബ്രാഞ്ച് പുതിയ തെളിവുകള്‍ നിരത്തി എതിര്‍ക്കുമോ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ദിലീപിന്‍റെയും സഹോദരന്‍റെയും വീടുകളിലും ഗ്രാന്‍റ് പ്രൊഡക്ഷന്‍സ് എന്ന സിനിമാ നിര്‍മാണ സ്ഥാപനത്തിലും സമാന്തര പരിശോധനയാണ് ക്രൈംബ്രാഞ്ച് ഇന്നലെ നടത്തിയത്. ഏഴ് മണിക്കൂറോളം റെയ്ഡ് നീണ്ടുനിന്നിരുന്നു.