ചെന്നൈ: എൽ.ടി.ടി.ഇ. തിരിച്ചുവരവിന് ശ്രമിക്കുന്നെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. അതിനാൽ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് കേന്ദ്ര ഏജൻസികളും തമിഴ്നാട് പോലീസിന്റെ ‘ക്യൂ’ ബ്രാഞ്ചും. ശ്രീലങ്കൻ സ്വദേശിയുൾപ്പെടെ അഞ്ചുപേർ ചെന്നൈയിൽ വ്യാജപാസ്പോർട്ടുമായി പിടിയിലായ സംഭവത്തെക്കുറിച്ചുള്ള അന്വേഷണം എൻ.ഐ.എ. ഏറ്റെടുത്തതോടെയാണ് എൽ.ടി.ടി.ഇ. ബന്ധത്തിന് സൂചന ലഭിച്ചത്.
ആഭ്യന്തരയുദ്ധം അവസാനിച്ച ശ്രീലങ്കയിൽ എൽ.ടി.ടി.ഇ. ഏറക്കുറെ നാമാവശേഷമായെങ്കിലും സംഘടനയുടെ അനുഭാവികൾ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ രഹസ്യമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് എൻ.ഐ.എ. വൃത്തങ്ങൾ പറയുന്നത്. തമിഴ് പുലികൾക്കുവേണ്ടി വിദേശ രാജ്യങ്ങളിൽനിന്ന് നേരത്തേ സമാഹരിച്ച കോടിക്കണക്കിന് രൂപ പല അക്കൗണ്ടുകളിലായി ഇന്ത്യയിലെ ബാങ്കുകളിൽ ഇപ്പോഴുമുണ്ട്. ഈ പണം പിൻവലിച്ച് എൽ.ടി.ടി.ഇ.യുടെ പുനരേകീകരണത്തിന് ധനസമാഹരണം നടത്താൻ ശ്രമിച്ചവരാണ് വ്യാജ പാസ്പോർട്ടുമായി അറസ്റ്റിലായതെന്ന് എൻ.ഐ.എ. പറയുന്നു.
മേരി ഫ്രാൻസിസ്കയെന്ന ശ്രീലങ്കൻ വനിതയെ ചെന്നൈ വിമാനത്താവളത്തിൽവെച്ച് കഴിഞ്ഞവർഷം ഒക്ടോബറിലാണ് വ്യാജപാസ്പോർട്ടുമായി അറസ്റ്റുചെയ്തത്. ഇവരുടെ കൂട്ടാളികളായ കെന്നിസ്റ്റൺ ഫെർണാണ്ടോ, കെ. ഭാസ്കരൻ, ജോൺസൺ സാമുവൽ, എൽ. സെല്ലമുത്തു എന്നിവരും പിന്നാലെ പിടിയിലായി. കഴിഞ്ഞയാഴ്ചയാണ് ഈ കേസ് എൻ.ഐ.എ. ഏറ്റെടുത്തത്.
മറ്റൊരു കേസിന്റെ അന്വേഷണത്തിനിടെ എൽ.ടി.ടി.ഇ.യുടെ മുൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ സദ്ഗുണൻ എന്ന സബേശനെ ലക്ഷദ്വീപിൽവെച്ച് എൻ.ഐ.എ. അറസ്റ്റുചെയ്തിരുന്നു. പഴയ പ്രവർത്തകരെ ഏകോപിപ്പിച്ച് എൽ.ടി.ടി.യെ പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നവരിൽ പ്രധാനിയാണ് സബേശനെന്ന് എൻ.ഐ.എ. കണ്ടെത്തിയിട്ടുണ്ട്.
ശ്രീലങ്കൻ പാസ്പോർട്ടുമായി രണ്ടുവർഷംമുമ്പ് ചെന്നൈയിലെത്തിയ മേരി ഫ്രാൻസിസ്ക വ്യാജ രേഖകളുപയോഗിച്ചാണ് ഇന്ത്യൻ പാസ്പോർട്ട് സമ്പാദിച്ചത്. എൽ.ടി.ടി.ഇ.യ്ക്കുവേണ്ടി നേരത്തേ പിരിച്ചെടുത്ത, ഇന്ത്യയിലെ ബാങ്കുകളിൽ ബാക്കികിടക്കുന്ന പണം പിൻവലിക്കുകയെന്നതായിരുന്നു ഇവരുടെ ദൗത്യം.
ഒരു ദേശസാത്കൃത ബാങ്കിന്റെ മുംബൈ ഫോർട്ട് ബ്രാഞ്ചിലുള്ള പണം പിൻവലിച്ച് കടലാസ് കമ്പനിയിലേക്ക് മാറ്റാൻ ഇവർ ശ്രമിച്ചതായി എൻ.ഐ.എ. കണ്ടെത്തിയിട്ടുണ്ട്. തമിഴ്നാട്ടിലെ ചില സന്നദ്ധസംഘടനകളിലും എൽ.ടി.ടി.ഇ. അനുഭാവികളുണ്ടെന്നാണ് നിഗമനം. ഇവരെല്ലാം നിരീക്ഷണത്തിലാണെന്നും തീവ്രവാദബന്ധം സ്ഥിരീകരിച്ചാൽ കർശനനടപടിയുണ്ടാകുമെന്നും കേന്ദ്ര ഏജൻസികൾ മുന്നറിയിപ്പുനൽകുന്നു.