വാക്സിനെടുത്തവരെ പരിഹസിച്ച യുവാവ് ഒടുവില്‍ കോവിഡ് ബാധിച്ച്‌ മരിച്ചു

July 27, 2021
173
Views

വാക്സിന്‍ സ്വീകരിച്ചവരെ സമൂഹ മാധ്യമങ്ങളില്‍ പരിഹസിച്ചിരുന്ന അമേരിക്കയിലെ കാലിഫോര്‍ണിയക്കാരനായ യുവാവ് കോവിഡ് ബാധിച്ച്‌ മരിച്ചു. കോവിഡിനോട് ഒരു മാസം നീണ്ടുനിന്ന പോരാട്ടത്തിന് ശേഷമാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.

ഹില്‍സോംഗ് മെഗാചര്‍ച്ച്‌ പ്രതിനിധിയായ സ്റ്റീഫന്‍ ഹര്‍മണ്‍ തന്റെ വാക്സിന്‍ വിരോധത്തെ കുറിച്ച്‌ പലപ്പോഴും സംസാരിക്കാറുണ്ടായിരുന്നു. കൂടാതെ വാക്സിന്‍ സ്വീകരിക്കുന്നവരെ കളിയാക്കിക്കൊണ്ട് നിരവധി തമാശകളും പറയാറുണ്ടായിരുന്നു അദ്ദേഹം.

ബിബിസി റിപ്പോര്‍ട്ട് അനുസരിച്ച്‌ ലോസാഞ്ചലസിലെ ഒരു ആശുപത്രിയില്‍ കോവിഡ്, ന്യൂമോണിയ തുടങ്ങിയ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

മരണത്തിന് മുന്പ് ആശുപത്രി കിടക്കയില്‍ കിടക്കുന്ന ഫോട്ടോയും അദ്ദേഹം ഷെയര്‍ ചെയ്തിരുന്നു. ‘എല്ലാവരും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം. എവര്‍ എന്നെ വെന്റിലേറ്ററിലിടാന്‍ താല്‍പര്യപ്പെടുകയാണ്,’ അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ എഴുതി.

കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹം അവസാനമായി ട്വീറ്റ് ചെയ്തത്. ‘ഇനി എപ്പോഴാണ് ഞാന്‍ ഉണരുക എന്നറിയില്ല, എല്ലാവരും പ്രാര്‍ത്ഥിക്കണം,’ അദ്ദേഹം അവസാനമായി എഴുതിയതിങ്ങനെയാണ്.

വൈറസ് ബാധയേറ്റ ശേഷവും വാക്സിന്‍ സ്വീകരിക്കില്ല എന്ന നിലപാടായിരുന്നു ഹര്‍മണ്‍ സ്വീകരിച്ചിരുന്നത്. മത വിശ്വാസം തന്നെ സംരക്ഷിക്കും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *