നിര്‍ബന്ധിത വിവാഹത്തിന് വിധേയനാകേണ്ടിവന്ന യുവാവ് തൂങ്ങി മരിച്ചു. മണിക് മണ്ഡല്‍ എന്ന ഇരുപതുകാരനാണ് തൂങ്ങി മരിച്ചത്. പശ്ചിമ ബംഗാളിലെ മാല്‍ഡയിലാണ് സംഭവം. പാര്‍കില്‍ സംസാരിച്ചിരുന്ന മണിക്കിനെയും അയാളുടെ കാമുകിയായ പെണ്‍കുട്ടിയെയും ചില നാട്ടുകാര്‍ പിടികൂടുകയായിരുന്നു. പ്രണയിച്ചതിന്റെ ശിക്ഷയായി ഇരുവരുടെയും വിവാഹം നടത്താന്‍ ഇവര്‍ തീരുമാനിക്കുകയും ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസിലെ ചില നേതാക്കളാണിവരെന്ന് റിപോര്‍ട്ടുണ്ട്.
ഞായറാഴ്ചയാണ് പാര്‍കിലിരുന്ന് സംസാരിച്ച മണിക്കിനെയും പെണ്‍കുട്ടിയെയും നാട്ടുകാര്‍ പിടികൂടിയത്. തുടര്‍ന്ന് പഞ്ചായത്ത് കൂടി നേതാക്കള്‍ ഇവരെ വിവാഹം കഴിപ്പിക്കാന്‍ തീരുമാനിച്ചു. അന്നേദിവസം തന്നെ സമീപത്തെ ക്ഷേത്രത്തില്‍ വെച്ച് ഇരുവരുടെയും വിവാഹവും നടത്തി.
വിവാഹശേഷം മണിക്കിനെയും പെണ്‍കുട്ടിയെയും നാട്ടുകാര്‍ മണിക്കിന്റെ വീട്ടിലെത്തിച്ചു. എന്നാല്‍ മണിക്കിന്റെ മാതാവ് വിവാഹം അംഗീകരിക്കാന്‍ തയ്യാറില്ല. മണിക്കിനെയും ഭാര്യയേയും വീട്ടില്‍ കയറ്റില്ലെന്ന് അവര്‍ വാശിപിടിച്ചു.
ഇത് കാര്യമാക്കാതെ നാട്ടുകാര്‍ മണിക്കിനെയും ഭാര്യയേയും വീട്ടിനകത്താക്കി. നാട്ടുകാര്‍ പോയ ശേഷമാണ് മണിക് തൂങ്ങിമരിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. തൃണമുല്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കളാണ് വിവാഹം നടത്തിക്കാന്‍ മുന്‍കൈയെടുത്തതെന്ന് ആരോപണമുണ്ട്. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.