ചെന്നൈ : നഗരസഭയിലെ താല്‍ക്കാലിക ഡ്രൈവര്‍ കൃഷ്ണസ്വാമി (28) യെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. അത്യാവശ്യ സാധനങ്ങളുടെ വിലക്കയറ്റം മൂലമുണ്ടായ മാനസിക സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കാണിച്ച് കൃഷ്ണസ്വാമിയുടെ കുടുംബം പൊലീസില്‍ പരാതി നല്കി. തൂത്തുക്കുടി കോവില്‍പെട്ടി ടൗണ്‍ നഗരസഭാ ജീവനക്കാരനായിരുന്നു കൃഷ്ണസ്വാമി.
സാധനങ്ങളുടെ വില ഉയരുന്നതിനാല്‍ പിടിച്ചുനില്ക്കാന് കഴിയുന്നില്ലെന്നും ശമ്പളത്തിന്റെ പകുതിയും പെട്രോളിനു നല്കേണ്ടിവരികയാണെന്നും പറഞ്ഞതിനു തൊട്ടുപിന്നാലെയാണു തൂങ്ങിമരിച്ചതെന്ന് ഭാര്യ രോഹിണി പറയുന്നു. ആത്മഹത്യയ്ക്കു പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ബൈക്കില്‍ പെട്രോള്‍ അടിക്കാന്‍ കാശില്ലെന്നു പറഞ്ഞപ്പോള്‍ തന്റെ അച്ഛനോടു വാങ്ങിത്തരാമെന്നു രോഹിണി കൃഷ്ണസ്വാമിയോടു പറഞ്ഞിരുന്നു. പിന്നീട് മുറിയില്‍ ചെന്നു നോക്കിയപ്പോള്‍ മരിച്ച നിലയിൽ കാണുകയായിരുന്നു.