ന്യൂഡല്‍ഹി മണിപ്പുരില്‍ വീണ്ടും മെയ്ത്തീ– കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു. ചുരാചന്ദ്പുരിലെ കാൻഗാവി മേഖലയിലെ മൂന്ന് കുക്കി ഗ്രാമങ്ങള്‍ ലക്ഷ്യമിട്ട് അക്രമികള്‍ നടത്തിയ വെടിവയ്പിലും ബോംബേറിലും ഒരാള്‍ കൊല്ലപ്പെട്ടു.
ന്യൂഡല്‍ഹി മണിപ്പുരില്‍ വീണ്ടും മെയ്ത്തീ– കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു. ചുരാചന്ദ്പുരിലെ കാൻഗാവി മേഖലയിലെ മൂന്ന് കുക്കി ഗ്രാമങ്ങള്‍ ലക്ഷ്യമിട്ട് അക്രമികള്‍ നടത്തിയ വെടിവയ്പിലും ബോംബേറിലും ഒരാള്‍ കൊല്ലപ്പെട്ടു.
മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം. ബിഷ്ണുപ്പുര്‍ ജില്ലയിലെ മൊയ്രാങ്ങില്‍ ബുധൻ രാത്രിയും വ്യാഴം പകലും ഇരുവിഭാഗവും വെടിവയ്പ് നടത്തി. നിരവധി വീടുകള്‍ക്ക് തീയിട്ടു. ഒട്ടേറെ പേര് പ്രാണരക്ഷാര്‍ഥം സുരക്ഷിതസ്ഥലങ്ങളിലേക്ക് പലായനം ചെയ്തു. വെടിവയ്പ് നിയന്ത്രിക്കാൻ സുരക്ഷാസേന ഇടപെട്ടെങ്കിലും സംഘര്‍ഷസ്ഥിതി തുടരുകയാണ്. മൊയ്രാങ്ങില്‍ ലോക്ടാക് തടാകത്തോട് ചേര്‍ന്നുള്ള ഫൂബക്ചാവോ ഇഖായ് മേഖലയിലാണ് രൂക്ഷമായ ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ടത്. പകലും വെടിവയ്പ് തുടര്‍ന്നതോടെയാണ് പലരും വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്തത്.
മണിപ്പുരില്‍ കഴിഞ്ഞ ഏതാനും ദിവസമായി ഇരുവിഭാഗവും കടുത്ത ഏറ്റുമുട്ടലിലാണ്. കഴിഞ്ഞദിവസം രാത്രി സൈനികര്‍ സഞ്ചരിച്ച ബസുകള്‍ കത്തിച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെ മ്യാൻമര് അതിര്‍ത്തിയോട് ചേര്‍ന്ന മൊറെയില്‍ ജനക്കൂട്ടം സൈനികര്‍ ഇടത്താവളമായി ഉപയോഗിച്ച വീടുകള്‍ക്ക് തീയിട്ടിരുന്നു. മൊറെ മാര്‍ക്കറ്റില്‍ സ്ത്രീകളെ സൈനികര്‍ കൈയേറ്റം ചെയ്തുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
മണിപ്പുരില്‍ ക്രമസമാധാനം കൂടുതല്‍ തകരുന്നതിന്റെ സൂചനയായാണ് സമീപകാല അക്രമസംഭവങ്ങള്‍. പലയിടത്തും സുരക്ഷാസേനയ്ക്ക് നേരെ ജനക്കൂട്ടം തിരിയുന്നതും ഭരണവാഴ്ച പൂര്‍ണമായും തകര്‍ന്നതിന് ഉദാഹരണമായി വിലയിരുത്തപ്പെടുന്നു.
‘ഇന്ത്യ സംഘം’ ശനിയാഴ്ച മണിപ്പുരില്‍
പ്രതിപക്ഷപാര്‍ടികളുടെ കൂട്ടായ്മ ഇന്ത്യയുടെ പ്രതിനിധികള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ മണിപ്പുര്‍ സന്ദര്‍ശിക്കും. എല്ലാ പാര്‍ടികളുടെയും പ്രതിനിധികള്‍ സംഘത്തില്‍ ഉണ്ടാകുമെന്ന് സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം പറഞ്ഞു. എ എ റഹിം സിപിഐ എമ്മിനെ പ്രതിനിധാനം ചെയ്യും. ശനി രാവിലെ യാത്ര തിരിക്കും.
മണിപ്പുര്‍ കലാപത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ വ്യാഴാഴ്ചയും പ്രതിപക്ഷ പ്രതിഷേധം തുടര്‍ന്നു. രാജ്യസഭയും ലോക്സഭയും പലതവണ തടസ്സപ്പെട്ടു. രാജ്യസഭാ നടപടികള്‍ ഉച്ചയ്ക്കുശേഷം പ്രതിപക്ഷം ബഹിഷ്കരിച്ചു. സഭയില്‍ സംസാരിക്കവെ തന്റെ മൈക്ക് ഓഫ് ചെയ്തുവെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുൻ ഖാര്‍ഗെ പറഞ്ഞു.
നഗ്നരാക്കി നടത്തിച്ച കേസ് സിബിഐക്ക്
മണിപ്പുരില്‍ രണ്ടു കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസ് സിബിഐക്ക് വിട്ടതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം വാര്‍ത്താഏജൻസിയെ അറിയിച്ചു. കേസിന്റെ വിചാരണ അസമിലെ കോടതിയിലേക്ക് മാറ്റാനും നീക്കമുണ്ട്. ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്.വീഡിയോ എടുത്തയാളടക്കം ഇതുവരെയായി ഏഴുപേര്‍ അറസ്റ്റിലായി. 14 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മണിപ്പുര്‍ പൊലീസ് നേരത്തേ അവകാശപ്പെട്ടിരുന്നു.
ചര്‍ച്ചയ്ക്ക് ശ്രമിച്ച് ഐബി
മണിപ്പുരില്‍ പരസ്പരം പോരടിക്കുന്ന മെയ്ത്തീ–- കുക്കി വിഭാഗങ്ങളുമായി ചര്‍ച്ചയ്ക്ക് ശ്രമം നടത്തി കേന്ദ്ര സര്‍ക്കാര്‍. വടക്കുകിഴക്കൻ മേഖലയുടെ ചുമതലയുള്ള ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥൻ അക്ഷയ് മിശ്ര കേന്ദ്രവുമായി വെടിനിര്‍ത്തല്‍ ധാരണയിലുള്ള കുക്കി തീവ്രവാദ സംഘടനകളുടെ നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. മെയ്ത്തീ സംഘടനയായ ‘മണിപ്പുര്‍ അഖണ്ഡതയ്ക്കായുള്ള ഏകോപനസമിതി’യുടെ (കോകോമി) പ്രതിനിധികളുമായും ഐബി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.