മണിപ്പുരില്‍ വ്യാഴാഴ്ച ഇരുവിഭാഗങ്ങള്‍ തമ്മില്‍ മണിക്കൂറുകളോളം നീണ്ട വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു.
ഇംഫാല്‍: മണിപ്പുരില്‍ വ്യാഴാഴ്ച ഇരുവിഭാഗങ്ങള്‍ തമ്മില്‍ മണിക്കൂറുകളോളം നീണ്ട വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു.
രണ്ട് വ്യത്യസ്തയിടങ്ങളിലുണ്ടായ വെടിവയ്പില്‍ അന്പതോളം പേര്‍ക്കു പരിക്കേറ്റു.
പരിക്കേറ്റവരുമായി ആംബുലന്‍സുകള്‍ ആശുപത്രിയിലേക്കു കുതിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്ഥിതിഗതികള്‍ ഏറെ സങ്കീര്‍ണമാണെന്നും എന്നാല്‍ ഇന്നലെ രാത്രിയോടെ വെടിവയ്പ് അവസാനിച്ചുവെന്നും അധികൃതര്‍ അറിയിച്ചു. വെടിവയ്പിലും അക്രമങ്ങളിലും സുരക്ഷാസേനാംഗങ്ങള്‍ക്കും പരിക്കേറ്റു.
ഇന്നലെ പുലര്‍ച്ചെ ആറോടെയാണ് തെംഗ്നൗപാല്‍ ജില്ലയിലെ പാലെലില്‍ ഇരുവിഭാഗവും വെടിവയ്പ് തുടങ്ങിയത്. വെടിയേറ്റ ഒരാളെ കക്ചിംഗിലെ ജീവൻ ആശുപത്രിയില്‍ എത്തിച്ചശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു. പരിക്കേറ്റ ഏതാനുംപേരെ വിദഗ്ധചികിത്സയ്ക്കായി ഇംഫാലിലെ റീജണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസിലേക്കു (ആര്‍ഐഎംസ്) മാറ്റി. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ബിഷ്ണുപുരിലെ ഫൗഗക്കാവോ ലഖായി, ബിഷ്ണുപുരിലെ ഒയ്നാമോ എന്നിവിടങ്ങളിലായിരുന്നു സംഘര്‍ഷം രൂക്ഷമായത്.
കുക്കി മേഖലകളിലേക്കു കടന്നുകയറാൻ രണ്ടുദിവസം മുന്പുമുതല്‍ മെയ്തെയ് വിഭാഗം ശ്രമിക്കുന്നത് പലയിടത്തും സംഘര്‍ഷത്തിനു വഴിതെളിച്ചിരിക്കുകയാണ്. മെയ്തെയ് വിഭാഗക്കാരുടെ കൂട്ടായ്മയായ ദ കോര്‍ഡിനേറ്റിംഗ് കമ്മിറ്റി ഓണ്‍ മണിപ്പുര്‍ ഇന്‍റഗ്രിറ്റിയു ടെ (സിഒസിഒഎംഐ) നേതൃത്വത്തിലാണ് ആളുകള്‍ കുക്കിമേഖലയിലേക്കു കടന്നുകയറാൻ ശ്രമിക്കുന്നത്. സുരക്ഷാസേന കണ്ണീര്‍വാതകം പ്രയോഗിച്ച് ആളുകളെ പിരിച്ചുവിടാൻ ശ്രമിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെ എണ്‍പതോളം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
വ്യാഴാഴ്ച തെംഗ്നൗപാല്‍ ജില്ലയിലെ വെടിവയ്പിനെക്കുറിച്ചുള്ള വാര്‍ത്ത പ്രചരിച്ചതോടെ തൗബാല്‍, കക്ചിംഗ് ജില്ലകളിലെ നിരവധിപേര്‍ സംഘര്‍ഷമേഖലയിലേക്കു തിരിച്ചു. ആസാം റൈഫിള്‍സും പോലീസും ചേര്‍ന്ന് ഇവരെ തടഞ്ഞു. സുരക്ഷാസേനാംഗങ്ങളെ തടയാൻ പലയിടത്തും ഇരുവിഭാഗവും ശ്രമിച്ചു. പോലീസ് കണ്ണീര്‍വാതകവും റബര്‍ബുള്ളറ്റും പ്രയോഗിച്ചതോടെ നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
വെടിവയ്പ് നടന്നതായ വിവരം ലഭിച്ചതിനെത്തുടര്‍ന്നു പ്രദേശത്തേക്ക് തിരിച്ച ദ്രുതകര്‍മസേനാംഗങ്ങളെ തൗബാലില്‍ ജനക്കൂട്ടം തടഞ്ഞു. കഴിഞ്ഞ മേയ് മൂന്നിന് സംസ്ഥാനത്ത് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടശേഷം 160ലേറെ ആളുകളാണ് കൊല്ലപ്പെട്ടത്.