ഗുവാഹത്തി: വംശീയ കലാപം നിരവധി ജീവനുകളെടുത്ത മണിപ്പൂരില്‍ വീണ്ടും വ്യാപക അക്രമം. വ്യാപകമായി തീവെപ്പും വെടിവെപ്പുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
സംസ്ഥാനത്തെ സാഹചര്യത്തിനനുസരിച്ച് സൈന്യം പ്രതികരിക്കുന്നുണ്ടെന്ന് സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. അക്രമത്തില്‍ ഉള്‍പ്പെട്ട ഏതാനും പേരെ പിടികൂടിയതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ അക്രമങ്ങളില്‍ ആളപായമുണ്ടായിട്ടുണ്ടോ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടോ എന്നതു സംബന്ധിച്ച വിവരങ്ങളൊന്നും സൈന്യം നല്‍കിയിട്ടില്ല.
ഗോത്രവിഭാഗത്തില്‍ ഉള്‍പ്പെടാത്ത മെയ്തേയ് വിഭാഗത്തിന് പട്ടിക വര്‍ഗ പദവി നല്‍കിയതിനെതിരെ ആരംഭിച്ച പ്രതിഷേധമാണ് വംശീയ കലാപമായി മാറിയത്. മെയ് മൂന്നിന് ആരംഭിച്ച കലാപത്തില്‍ 70 ഓളം പേര് കൊല്ലപ്പെടുകയും 30,000 ഓളം പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ഇംഫാലില്‍ സംഘര്‍ഷമുണ്ടായതോടെ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ സൈനിക വിഭാഗങ്ങളെ സുരക്ഷക്കായി വിന്യസിച്ചിരുന്നു. പ്രദേശത്തെ ഒരു കട തീയിടാൻ ശ്രമിച്ച മൂന്നു പേരെ പൊലീസ് ശനിയാഴ്ച തന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവര്‍ സെൻട്രല്‍ റാപിഡ് ആക്ഷൻ ഫോഴ്സ് ജീവനക്കാരാണ്. ഇവര്‍ സിവില്‍ ഡ്രസില്‍ കറിലെത്തി പ്രദേശത്തെ ഇറച്ചിക്കടക്ക് തീയിടാൻ ശ്രമിക്കുകയായിരുന്നു. അതിനിടെയാണ് പിടിയിലാകുന്നത്. സോംദേവ് ആര്യ, കുല്‍ദീപ് സിങ്, രപദീപ് കുമാര്‍ എന്നിവരാണ് പിടിയിലായത്. ഇവരെ ആര്.എ.എഫ് ഉടൻ തന്നെ സസ്പെൻഡ് ചെയ്യുകയും ഇവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
സൈനിക മേധാവി ജനറല്‍ മനോജ് പാണ്ഡെ കഴിഞ്ഞ ദിവസം മണിപ്പൂര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിങ്കളാഴ്ച മണിപ്പൂര്‍ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.